ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തില്‍ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും. കേരളത്തിന് വലിയ ഭീഷണിയാകില്ലെങ്കിലും 3 ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ്
തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ശേഷം ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത
27/11/2024 : ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള തീരത്ത് 29/11/2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
29/11/2024 വരെ: തെക്കൻ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
30/11/2024 വരെ തമിഴ് നാട് തീരം, ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മേല്‍പ്പറഞ്ഞ തീയതികളില്‍ കടലില്‍ പോകരുതെന്ന് നിർദേശിക്കുന്നു.
കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം തന്നെ ആഴക്കടലില്‍ നിന്ന് തീരത്തേക്ക് മടങ്ങാൻ നിർദേശിക്കുന്നു.
മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.