കൊച്ചി: ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ കണ്ണൂർ സ്വദേശി പിടിയില്‍.ഇടപ്പള്ളി ടോള്‍ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
സംഭവത്തില്‍ നൗഷാദിൻ്റെ സഹായിയും കൂട്ടുപ്രതിയുമായ മലപ്പുറം കോഡൂർ ചെമ്മനക്കടവ് സ്വദേശി വിനോദിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. എറണാകുളം എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എം.എസ് ജനീഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. ബാംഗ്ലൂർ, ഒഡീഷ ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇടനിലക്കാർ വഴിയാണ് ഇവർ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് പ്രിവൻറീവ് ഓഫീസർ പി. ജെ ജയകുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ സെയ്ത് വി.എം, ഇഷാല്‍ അഹമ്മദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ റസീന എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.