പാലക്കാട്: ഒഡീഷയില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നൗഫല്‍ (25) ആണ് 10 കിലോഗ്രാം കഞ്ചാവുമായി എക്സൈസുകാരുടെ പിടിയിലായത്. എറണാകുളത്ത് യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നൗഫല്‍. ഒഡീഷയില്‍ നിന്ന് ട്രെയിനിലാണ് 10 കിലോഗ്രാം കഞ്ചാവുമായി വന്നത്.
എറണാകുളത്തേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവരുന്നതിനിടെ വരവേ ഒറ്റപ്പാലത്ത് ഇറങ്ങി അവിടെ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പോകും വഴിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻപെക്ടർ എ.വിപിൻ ദാസിന്റെ നേതൃത്വത്തിലാണ് നൗഫലിനെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ സുദർശനൻ നായർ, സി.വി.രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ദേവകുമാർ വി, സിവില്‍ എക്സൈസ് ഓഫീസർമാരായ ഹരീഷ്, ഫിറോസ്, ജാക്സണ്‍, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.ജെ ലൂക്കോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മറ്റൊരു സംഭവത്തില്‍ തളിപ്പറമ്ബില്‍ കാറില്‍ കടത്തുകയായിരുന്ന 25 .07 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പെരിങ്ങോം മടക്കാംപൊയിലിലെ എം വി സുഭാഷ് (43) ആണ് എക്സൈസിൻ്റെ പിടിയിലായത്. കാറിൻ്റെ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തളിപറമ്ബ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ കെ കെ ഷിജില്‍ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.