ആഞ്ഞടിക്കാൻ ഫിൻജാല്‍, വൈകിട്ടോടെ കര തൊടും; പേമാരിയില്‍ മുങ്ങി ചെന്നൈ
ചെന്നൈ: തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ഫിൻജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് വൈകുന്നേരത്തോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് റെഡ് മെസ്സേജ് നല്‍കി.
തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍, തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചെന്നൈ വിമാനത്താവളം വൈകിട്ട് 7 മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പല വിമാനങ്ങളും റദ്ദാക്കുകയും മറ്റ് ചില വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
മയിലാടുംതുറൈ, നാഗപ്പട്ടണം, തിരുവാരൂർ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐടി കമ്ബനികള്‍ക്ക് സംസംസ്ഥാന സർക്കാർ നിർദ്ദേശം നല്‍കി. തമിഴ്‌നാട്ടിലുടനീളം 2,220 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇതിനകം തന്നെ 500 ഓളം പേരെ പാർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.