ആലപ്പുഴ: ചകിരി മില്ലില്‍ നിന്ന് മാലിന്യം തള്ളുന്നതിനെതിരെ പ്രതികരിച്ച ആളെ അറസ്റ്റ് ചെയ്ത് ചൊറിയണം (കൊടിത്തൂവ) തേയ്ക്കുകയും മർദിക്കുകയും ചെയ്തെന്ന പരാതിയില്‍ ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ഒരു മാസം തടവും 1000 രൂപ പിഴയും ശിക്ഷ.ചേർത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2006 ആഗസ്റ്റ് അഞ്ചിനുണ്ടായ സംഭവത്തില്‍ 18 വർഷത്തിനു ശേഷമാണ് വിധി. അന്ന് ചേർത്തല എസ്‌ഐ ആയിരുന്നു മധുബാബു.
പള്ളിപ്പുറം സ്വദേശി സിദ്ധാർത്ഥനാണ് പരാതിക്കാരൻ. ചകിരിമില്ലിലെ മാലിന്യത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും മർദിച്ചു. തുടർന്ന് അന്ന് ചേർത്തല എസ് ഐ ആയിരുന്ന മധുബാബു സിദ്ധാർത്ഥനെ അറസ്റ്റ് ചെയ്ത് ജീപ്പിനുള്ളില്‍ വച്ച് തുണി അഴിച്ച് ചൊറിയണം തേയ്ക്കുകയും മർദ്ദിക്കുകയും ചെയ്തെന്നായിരുന്നു പരാതി. സർവീസില്‍ നിന്നും വിരമിച്ച എഎസ്‌ഐ ആയിരുന്ന മോഹനനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ഡിവൈഎസ്പി മധുബാബുവിന് കോടതി ജാമ്യം അനുവദിച്ചു.