പാലക്കാട്: പാലക്കാട് പനയമ്ബാടത്തുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസർകോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.അപകടത്തിന് കാരണമായ ലോറി ഡ്രൈവർ പ്രജീഷ്, കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവർ കാസർകോട് സ്വദേശിയായ മഹേന്ദ്ര പ്രസാദ് എന്നിവരെയാണ് മണ്ണാർക്കോട് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ നേരത്തെ നരഹത്യക്ക് കേസെടുത്തിരുന്നു.
ലോറി ഡ്രൈവർ പ്രജീഷ് തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നരഹത്യക്ക് കേസെടുത്തത്. കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവർ മഹേന്ദ്ര പ്രസാദിനെതിരെയും നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ മണ്ണാർക്കാട് കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് ഇപ്പോള്‍ റിമാൻഡ് ചെയ്തിരിക്കുന്നത്.
കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നടന്നുവരികയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം-ഫാരിസ ദമ്ബതികളുടെ മകള്‍ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്ബതികളുടെ മകള്‍ റിദ ഫാത്തിമ്മ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്ബതികളുടെ മകള്‍ നിദ ഫാത്തിമ്മ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്ബതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികള്‍.