14 വര്‍ഷമായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി തിരുവല്ലയില്‍ പിടിയില്‍; പത്തനംതിട്ടയില്‍ ഭാര്യയെ തീവെച്ച്‌ കൊന്ന കേസ്

പത്തനംതിട്ട: ഭാര്യയെ തീ വെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി.പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസില്‍ ഭർത്താവ് രാജീവ് ആണ് പിടിയിലായത്. തിരുവല്ല കെഎസ്‌ആർടിസി സ്റ്റാൻഡില്‍ നിന്നാണ് പിടികൂടിയത്.

കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം എടുത്തതിന് ശേഷം രാജീവ് മുങ്ങുകയായിരുന്നു. 14 വർഷമായി ഇയാളെ കാണാനില്ലായിരുന്നു. ബാംഗ്ലൂരിലടക്കം പ്രതിയുണ്ടെന്ന് സംശയ തോന്നിയതിനെ തുടർന്ന് പൊലീസ് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇയാളുടെ ഫോണടക്കം പൊലീസ് ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തിയ ഇയാള്‍ നടന്ന് കെഎസ്‌ആർടിസി ബസ് സ്റ്റാന്റിലെത്തിയപ്പോള്‍ കോയിപ്രം പൊലീസിന് വിവരം ലഭിക്കുകയും പൊലീസ് സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.