തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ക്രിസ്മസ്-പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് തുടക്കമാകുന്നു.വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം കനകക്കുന്നില്‍ ഡിസംബര്‍ 25 ബുധനാഴ്ച വൈകിട്ട് ആറിന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ മുഖ്യാതിഥിയായിരിക്കും.
വി.കെ പ്രശാന്ത് എം.എല്‍.എ, കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, എം.പിമാരായ ശശി തരൂർ, എ.എ റഹിം, ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു, ജില്ലാ കളക്ടർ അനുകുമാരി, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, അഡീഷണല്‍ ഡയറക്ടർ പി.വിഷ്ണു രാജ്, നന്ദൻകോട് വാർഡ് കൗണ്‍സിലർ ഡോ.റീന കെ.എസ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ എന്നിവരും പങ്കെടുക്കും.
വസന്തോത്സവം ഡിസംബർ 25 മുതല്‍ ജനുവരി 3 വരെ
ഇലുമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാർമണി എന്ന പേരില്‍ ലൈറ്റ് ഷോയും വിപുലമായ പുഷ്‌പോത്സവവുമാണ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്നത്. ജനുവരി മൂന്ന് വരെ വസന്തോത്സവം നീണ്ട് നില്‍ക്കും. കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന പുഷ്പങ്ങള്‍ ഉള്‍പ്പെടെ ക്യൂറേറ്റ് ചെയ്ത ഫ്‌ളവർ ഷോയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. കനകക്കുന്നും പരിസരവും ദീപാലങ്കാരം ചെയ്യുന്നതിനൊപ്പം ട്രേഡ് ഫെയർ, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, വിവിധ കലാപരിപാടികള്‍ എന്നിവയും വസന്തോത്സവത്തോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.