സൗദി അറേബ്യയില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളക്കെട്ട്, ജാഗ്രതാ നിര്‍ദ്ദേശം
റിയാദ് സൗദി അറേബ്യയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് മക്ക, മദീന മേഖലകളില്‍ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി.വെള്ളപ്പൊക്കം വാഹനഗതാഗതത്തെ ബാധിച്ചു. വിവിധ തീവ്രതയിലുള്ള മഴയാണ് സൗദിയില്‍ ലഭിച്ചത്.
തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തത്. മദീനയിലെ ബാദര്‍ ഗവര്‍ണറേറ്റിലെ അല്‍ ഷഫിയയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 49.2 മില്ലിമീറ്റര്‍. ജിദ്ദ നഗരത്തിലെ അല്‍ ബസതീനില്‍ 38 മില്ലിമീറ്റര്‍ മഴയും പെയ്തു. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് നേരത്തെ ദേശീയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഴക്കൻ നഗരങ്ങളായ അല്‍ അഹ്സ, ജുബെയ്ല്‍, അല്‍ഖോബാർ, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മഴ പെയ്തു.
സർക്കാരും റെഡ് ക്രസന്‍റ് അതോറിറ്റി ഉള്‍പ്പെടെയുള്ള സംഘടനകളും രക്ഷാപ്രവർത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. പൊതുജനങ്ങള്‍ സുരക്ഷാ നിർദേശങ്ങള്‍ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. താഴ്വരകള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിങ്ങനെ വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവില്‍ ഡിഫൻസ് നിർദേശം നല്‍കി.