തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് ഏഴു കോടി രൂപ കൂടി

മലപ്പുറം ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന 18 മുതല്‍ 21 കിലോമീറ്റര്‍ വരെയുള്ള ഭാഗം ബി എം ബി സി നിലവാരത്തില്‍ നിര്‍മിക്കാന്‍ കഴിഞ്ഞദിവസം അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേയാണിത്.

 

21 മുതല്‍ 24 വരെയുള്ള മൂന്നു കിലോമീറ്ററും 25 മുതല്‍ 27 കിലോമീറ്റര്‍ വരെയുള്ള രണ്ടു കിലോമീറ്ററും രണ്ടു റീച്ചുകളായി നിര്‍മിക്കുന്നതിന് 3.5 കോടി രൂപ വീതമാണ് അനുവദിക്കുക. ഇതോടെ സമീപദിവസങ്ങളിലായി ഈ റോഡിനു മാത്രം 12 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതിന്റെ ആദ്യ 14 കിലോമീറ്റർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിരുന്നു. തുടർന്നുള്ള ഒരു കിലോമീറ്റർ ബജറ്റ് വിഹിതം ഉപയോഗിച്ച് നവീകരിച്ചുവരികയാണ്. 15 മുതൽ 18 വരെയുള്ള മൂന്നു കിലോമീറ്റർ ഡിഎഫ്‌ഐപിക്കു കീഴിലും നവീകരിച്ചു.

 

ഇപ്പോള്‍ ഭരണാനുമതി നല്‍കിയിട്ടുള്ള മൂന്നു റീച്ചുകളിലെ എട്ടു കിലോമീറ്റര്‍ ദൂരവും ഇതേ നിലവാരത്തില്‍ നവീകരിക്കും. ഈ പണികള്‍ പൂര്‍ത്തിയാകുന്നതോടെ തിരൂര്‍- കടലുണ്ടി റോഡ് പൂര്‍ണമായും ബി എം ബി സി നിലവാരത്തില്‍ നവീകരിക്കപ്പെടും.

 

മലപ്പുറം -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരമേഖലകളിലെ പ്രധാനപ്പെട്ട റോഡാണ് തിരൂര്‍-കടലുണ്ടി റോഡ്. ഈ മേഖലയിലൂടെയുള്ള ഗതാഗതം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഈ പ്രവൃത്തി കൃത്യമായി ആരംഭിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.