ഇനി ആറുവരി ദേശീയപാതയിൽ യാത്ര ചെയ്യാം;എൻ.എച്ച് 66 ആദ്യം പൂർത്തിയാവുക മലപ്പുറം ജില്ലയിൽ
ഈ വര്‍ഷത്തെ ഏറ്റവും വലിയ വികസന പ്രതീക്ഷ ദേശീയ പാത പൂര്‍ത്തീകരണമാണ്. നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു.
ഓരോ ജില്ലയുടെയും മുഖഛായ മാറ്റിയാണ് ദേശീയ പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തി തൊണ്ണൂറു ശതമാനവും പിന്നിട്ടു കഴിഞ്ഞു. മലപ്പുറം ജില്ലയിലായിരിക്കും ആദ്യം നിർമ്മാണം പൂർത്തിയാവുക.
നീളമേറിയ മേല്‍പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ പലതും പൂര്‍ത്തിയായി ഗതാഗതം ആരംഭിച്ചിട്ടുണ്ട്. തേഞ്ഞിപ്പലം മുതല്‍ വെളിയങ്കോട് വരെ 20 മേല്‍പാലങ്ങളാണുള്ളത്. ഇതില്‍ ഏറ്റവും നീളം കൂടിയ പൊന്നാനി ചമ്രവട്ടം മേല്‍പാലം ഉള്‍പ്പടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വാഹനങ്ങള്‍ ഓടിത്തുടങ്ങി.
സംസ്ഥാനത്ത് 2026 മാർച്ചിൽ ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. എന്നാല്‍ മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. അതിവേഗത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ടാറിംങ് പൂര്‍ത്തിയാക്കി ലൈറ്റുകളും മറ്റ് അറ്റകുറ്റപ്പണികളുമാണ് ഇപ്പോള്‍ നടന്നു വരുന്നത്. വളാഞ്ചേരി വട്ടപ്പാറ, കോട്ടക്കല്‍ എടരിക്കോട് എന്നിവിടങ്ങളില്‍ മേല്‍പാലങ്ങളുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്.
ദേശീയ പാത 66 രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമാണ് ആറ് വരി പാതകളിലായി ഒരുങ്ങുന്നത്. ഏറെ വിവാദങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും ശേഷമാണ് മലപ്പുറം ജില്ലയില്‍ സര്‍ക്കാറിന് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഏറ്റവും ആദ്യം നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ജില്ലയായി മലപ്പുറം മാറി. ജില്ലയില്‍ ആകെ 77 കിലോമീറ്ററിലാണ് നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നത്. രാമനാട്ടുകര മുതല്‍ കുറ്റിപ്പുറം വരെ 53 കിലോമീറ്ററും കുറ്റിപ്പുറം മുതല്‍ കാപ്പിരിക്കാട് വരെ 24 കിലോമീറ്ററുമായാണ് രണ്ട് റീച്ചുകളുടെ പ്രവൃത്തികള്‍ നടന്നുവരുന്നത്.
വീതി കൂട്ടുന്നതിനും മറ്റുമായി 203 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.25 ഓളം അണ്ടര്‍ പാസുകളും ഓവര്‍ പാസുകളും ഉണ്ട്. കൂടാതെ മൂന്ന് വലിയ ഫ്ളൈ ഓവറുകളുമുണ്ട്. വെട്ടിച്ചിറ, കുറ്റിപ്പുറം, ചമ്രവട്ടം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഫ്ളൈ ഓവറുകള്‍ സ്ഥാപിക്കുന്നത്. മിക്ക സര്‍വീസ് റോഡുകള്‍ ഇതിനോടകം ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനം കാത്തിരിക്കുന്ന കാസർകോട് – തിരുവനന്തപുരം ദേശീയപാത 66 നിർമാണം ഈ വർഷം പൂർത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 2025ൽ തന്നെ കേരളത്തിന് ആറുവരി ദേശീയപാതയിലൂടെ യാത്ര ചെയ്യാൻ കഴിയുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ മലബാർ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടാകുമെന്നും പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയായ റിയാസ് പറഞ്ഞു.