ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കും വിധം വിവരാവകാശത്തെ ദുരുപയോഗം ചെയ്യരുത്- സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
സുതാര്യതയുള്ള സദ്ഭരണം ജനങ്ങള്‍ക്ക് പ്രാപ്യമാക്കുകയാണ് വിവരാവകാശത്തിന്റെ ലക്ഷ്യമെങ്കിലും ഓഫീസ് പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന രീതിയില്‍ വിവരാവകാശത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അംഗം അഡ്വ.ടി.കെ.രാമകൃഷ്ണന് പറഞ്ഞു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്റെ സിറ്റിങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യ വിവരാവകാശ കമ്മീഷണറും അഞ്ച് അംഗങ്ങളും സിറ്റിങ്ങുകള്‍ നടത്തുകയും ഉദ്യോഗസ്ഥ തലത്തിലും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനയും നടത്തുന്നുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളടക്കം സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും വിവരാവകാശത്തിന്റെ പരിധിയില്‍ ആണെന്നും ഓഫീസുകളില്‍ നിന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഉടനടി ലഭ്യമാക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശം വഴി അവബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കാനാകും. ഒരു പൊതു അധികാരി ലഭ്യമാകുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്കാന് ബാധ്യസ്ഥനാണെന്നും കമീഷണര്‍ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 12 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. സിറ്റിങില്‍ ഹാജരാകാത്ത കക്ഷികള്‍ക്ക് സമന്‍സയക്കും. 30 ദിവസത്തിനകം മറുപടി നല്‍കാത്ത കേസുകളില്‍ നടപടിയെടുക്കും.
തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ജനറല്‍ ഡയറിയും എന്‍ട്രി ബുക്കും ആവശ്യപ്പെട്ടു ലഭിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഇതുവരെ മറുപടി നല്‍കാത്ത പരാതിയിലും പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പിപിആര്‍ ലൈസന്‍സിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട അപേക്ഷയിലും മറുപടി ലഭ്യമാക്കാത്തതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷന് നടപടിയെടുക്കും.