തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4ന് വൈകുന്നേരം 4 മണിക്ക് ടാഗോര്‍ തീയറ്ററ്റില്‍ വച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനില്‍ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 വരെയാണ് ആദ്യഘട്ട ക്യാമ്പയിന്‍. ഈ കാലയളവില്‍ സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍) എന്നിവയ്ക്ക് സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് സ്തനാര്‍ബുദം (11.5%). ഇന്ത്യയിലാകട്ടെ ആകെ കാന്‍സറുകളില്‍ ഒന്നാമതാണ് സ്തനാര്‍ബുദം (13.5%). അതേസമയം സ്ത്രീകളിലെ കാന്‍സറുകള്‍ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. കാന്‍സര്‍ പലപ്പോഴും വളരെ താമസിച്ചു മാത്രമാണ് കണ്ടെത്തുന്നത്. അതിനാല്‍ സങ്കീര്‍ണതകളും കൂടുതലാണ്.