അമേരിക്കയില്‍ 350ഓളം സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തന രഹിതം

 

വാഷിംഗ്ടണ്‍: അടിമുടി മാറ്റങ്ങള്‍ക്ക് തുടക്കമിട്ട അമേരിക്കയില്‍ മിക്ക സര്‍ക്കാര്‍ വെബ്‌സൈറ്റുകളും തിങ്കളാഴ്ച പ്രവര്‍ത്തന രഹിതമായിരുന്നെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം അടച്ചുപൂട്ടുന്ന മാനുഷിക ഏജന്‍സിയായ യുഎസ്എഐഡിയുടേതുള്‍പ്പെടെ നൂറുകണക്കിന് യുഎസ് ഗവണ്‍മെന്റ് വെബ്സൈറ്റുകളാണ് ഓഫ് ലൈനിലായതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി നല്‍കിയ പട്ടികയില്‍ 1,400 ഫെഡറല്‍ സൈറ്റുകളുടെ 350 ലധികം സൈറ്റുകള്‍ ലഭ്യമല്ലായിരുന്നു.

പ്രതിരോധം, വാണിജ്യം, ഊര്‍ജ്ജം, ഗതാഗതം, തൊഴില്‍ എന്നീ വകുപ്പുകളുമായും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുമായും സുപ്രീം കോടതിയുമായും ബന്ധപ്പെട്ട സൈറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധികൃതരുടെ നിര്‍ദേശപ്രകാരം സൈറ്റുകള്‍ താല്‍ക്കാലികമായി ഓഫ്ലൈനിലാണോ അതോ നീക്കം ചെയ്തോ എന്നും വ്യക്തമല്ല. അമേരിക്കന്‍ സര്‍ക്കാരിനെ സമൂലമായി മാറ്റാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനിടയിലാണ് സൈറ്റുകള്‍ ഓഫ്‌ലൈനായത്. ട്രംപിന്റെ നേതൃത്വത്തില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ നടക്കുന്നതിനിടെയാണ് പുതിയ നീക്കം. തിങ്കളാഴ്ച, യുഎസ്എഐഡി അടച്ചുപൂട്ടുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. ഏകദേശം 120 രാജ്യങ്ങളില്‍ ദുരിതാശ്വാസ പരിപാടികള്‍ നടത്തുന്ന ഏജന്‍സിയെ ക്രിമിനല്‍ സംഘടന എന്നാണ് മസ്‌ക് വിളിച്ചത്.

തിങ്കളാഴ്ച ഓഫീസുകളില്‍ പോകരുതെന്ന് ജീവനക്കാര്‍ക്ക് ഇമെയില്‍ വഴി നിര്‍ദ്ദേശം ലഭിച്ചതിനാല്‍ യുഎസ്എഐഡിയുടെ വെബ്സൈറ്റ് ഓഫ്ലൈനായിരുന്നു. ഉന്നത പൊതുജനാരോഗ്യ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള നിരവധി യുഎസ് സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ എല്‍ജിബിടിക്യു പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എച്ച്‌ഐവി, എല്‍ജിബിടിക്യു യുവാക്കളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും ഡാറ്റാസെറ്റുകളും യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷെന്റ് (സിഡിസി) വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും മറ്റ് ആരോഗ്യ ഏജന്‍സികളുടെയും വെബ്സൈറ്റുകളില്‍ നിന്ന് എച്ച്‌ഐവി, എല്‍ജിബിടിക്യു അനുബന്ധ ഉറവിടങ്ങള്‍ നീക്കം ചെയ്യുന്നത് വളരെയധികം ആശങ്കാജനകമാണ്. കൂടാതെ രോഗവ്യാപനം നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുള്ള ശാസ്ത്രീയ വിവരങ്ങളിലും ഡാറ്റയിലും അപകടകരമായ വ്യത്യാസമുണ്ടെന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്ക ഒരു പ്രസ്താവനയില്‍ പറഞ്ഞു.