ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കവേ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. പോലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ആണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം റൂറൽ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല.

 

മരിച്ച ദമ്പതിമാരുടെ അയൽവാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പോലീസ് കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോയെന്നാണ് ആരോപണം. കോടതി ജനുവരി നാലാം തിയ്യതിവരെ സാവകാശം നൽകികൊണ്ട് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇത് തടയാനായി ആത്മഹത്യ ഭീഷണി മുഴക്കുമ്പോഴാണ് രാജനും ഭാര്യയ്ക്കും പൊള്ളലേറ്റത്.

പോലീസിനോട് രാജൻ സാവകാശം ചോദിച്ചുവെങ്കിലും നൽകിയില്ല. കൂടാതെ പോലീസിനോടൊപ്പം കുടിയൊഴിപ്പിക്കൽ നടപടികൾക്കായി റവന്യൂ ഉദ്യോഗസ്ഥരാരും എത്തിയിരുന്നുമില്ല. തുടങ്ങിയ ആരോപണങ്ങളാണ് പോലീസിനെതിരെ ഉയരുന്നത്. സംഭവത്തിൽ പോലീസിന് വീഴ്ചപറ്റിയതായാണ് പ്രഥമിക വിലയിരുത്തൽ.