കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമനഗരയിലെ ദയാനന്ദ് സാഗര്‍ നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു അനാമിക. സംഭവത്തില്‍ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
കോളേജ് അധികൃതരുടെ മാനസികപീഡനം സഹിക്കാനാവാതെയാണ് അനാമിക ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ഇന്നലെ വൈകിട്ട് വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്നാണ് സഹപാഠികള്‍ മുറി തള്ളിത്തുറന്ന് അകത്ത് കയറിയത്. അനാമിക ആത്മഹത്യ ചെയ്യാന്‍ കാരണം കോളേജ് മാനേജ്‌മെന്റാണെന്നും കര്‍ശനനടപടി വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നു. മാനേജ്‌മെന്റില്‍ നിന്നുള്ള മാനസികപീഡനം മൂലം വലിയ സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടി എന്ന് സഹപാഠികള്‍ തന്നെ പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഹാരോഹള്ളി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബെംഗളൂരുവില്‍ മാത്രം വിവിധ സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലായി 15 മലയാളി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയെന്നാണ് കണക്ക്.