ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ സർവ്വേകള്‍.വിവിധ ഏജൻസികളുടെ എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നല്‍കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പീപ്പിള്‍ പള്‍സ് എന്ന ഏജൻസി ബിജെപിക്ക് 51 മുതല്‍ 60 വരെ സീറ്റുകളാണ് രേഖപ്പെടുത്തുന്നത്. ആംആദ്മി പാർട്ടിക്ക് 10 മുതല്‍ 19 വരേയും കോണ്‍ഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും സർവ്വേ റിപ്പോർട്ടില്‍ പറയുന്നു. ദില്ലിയില്‍ അഞ്ചുമണി വരെ 57.7 ശതമാനമാണ് രേഖപ്പെടുത്തിയ പോളിംഗ്.
മേട്രിസ് പോള്‍ എക്സിറ്റ് പോള്‍ സർവ്വേയും ബിജെപിക്ക് അനുകൂലമാണ്. ബിജെപി 35 മുതല്‍ 40 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുമ്ബോള്‍ ആംആദ്മി 32 മുതല്‍ 37 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് ഒരു സീറ്റ് നേടുമെന്നും പറയുന്നു. ജെവിസി എക്സിറ്റ് പോള്‍ പ്രകാരം ബിജെപി 39 മുതല്‍ 45 വരേയും എഎപി 22മുതല്‍ 31 വരേയും കോണ്‍ഗ്രസ് രണ്ടും മറ്റു പാർട്ടികള്‍ ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിള്‍ ഇൻസൈറ്റും ബിജെപിക്ക് അനുകൂലമായ കണക്കുകളാണ് പുറത്തുവിടുന്നത്. ബിജെപി 44ഉം, എഎപി 29 സീറ്റും, കോണ്‍ഗ്രസ് 2 സീറ്റും നേടുമെന്ന് പറയുന്നു. പി മാർഖ് എക്സിറ്റ് പോള്‍ പ്രകാരം ബിജെപി 39 മുതല്‍ 49 വരേയും എഎപി 21 മുതല്‍ 31 വരേയും നേടും. പോള്‍ ഡയറി സർവ്വേയില്‍ ബിജെപി- 42-50, എഎപി- 18-25, കോണ്‍ഗ്രസ് 0-2, മറ്റു പാർട്ടികള്‍ 0-1-ഇങ്ങനെയാണ് കണക്കുകള്‍. ന്യൂസ് 24 ഹിന്ദി സർവ്വേ പ്രകാരം എഎപി 32 മുതല്‍ 37 വരേയും ബിജെപി 35 മുതല്‍ 40 വരേയും കോണ്‍ഗ്രസ് 0-1 സീറ്റും നേടുമെന്നും പ്രവചിക്കുന്നു.
അതേസമയം, വീപ്രസൈഡ് സർവ്വേ പ്രകാരം ദില്ലി ആംആദ്മി നിലനിർത്തുമെന്നാണ് സൂചിപ്പിക്കുന്നത്. എഎപി 52 സീറ്റും, ബിജെപി 23സീറ്റും, കോണ്‍ഗ്രസ് ഒരു സീറ്റും നേടുമെന്നാണ് അവരുടെ കണക്കുകള്‍ പറയുന്നത്. അതിനിടെ, എക്സിറ്റ് പോളുകളെ തള്ളി എഎപി രംഗത്തെത്തി.
യഥാർത്ഥ്യം അകലെയാണെന്ന് എഎപി പ്രതികരിച്ചു. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളിലെ ആത്മവിശ്വാസത്തിലാണ് ബിജെപി. ദില്ലിയില്‍ ദുരന്തം മാറുന്നുവെന്നും ബിജെപി വരുന്നുവെന്നും സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു. അഴിമതി വിരുദ്ധ സർക്കാറാണ് വേണ്ടതെന്ന് ദില്ലിയിലെ ജനങ്ങള്‍ വിധിയെഴുതിയെന്നും സച്ദേവ പ്രതികരിച്ചു.