2020 കലാപത്തിന്റെ മുറിവുണങ്ങാത്ത വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍വിജയം: നാലില്‍ മൂന്നിടത്തും താമര

അഞ്ച് വര്‍ഷം മുമ്പ് കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാല് മണ്ഡലങ്ങളില്‍ മൂന്നിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയാണ് മുന്നില്‍.

മുസ്തഫബാദിലും കരാവല്‍ നഗറിലുമാണ് ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയത്. അഞ്ച് തവണ എംഎല്‍എയായിരുന്ന മോഹന്‍ സിംഗ് ബിഷ്ടിനെ മുസ്തഫബാദിലും കപില്‍ മിശ്രയെ കലാവില്‍ നഗറിലും മത്സരിപ്പിച്ച് ബിജെപി ജയിപ്പിച്ചു. മിശ്ര 17,000 വോട്ടിനും പരാജയപ്പെടുത്തിയപ്പോള്‍, ബിഷ്ത് 23,000 വോട്ടിനും ജയിച്ചു. സിറ്റിംഗ് ബിജെപി എംഎല്‍എ അജയ് മഹാവര്‍ 26,000 വോട്ടുകള്‍ക്ക് ഘോണ്ടയില്‍ വിജയിച്ചു. കലാപബാധിത മണ്ഡലങ്ങളില്‍ സീലംപൂര്‍ മാത്രമാണ് അപവാദം. ആം ആദ്മി പാര്‍ട്ടിയുടെ ചൗധരി സുബൈര്‍ അഹമ്മദ് 42,000 വോട്ടുകള്‍ക്ക് ബിജെപിയെ ഇവിടെ പരാജയപ്പെടുത്തി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് കോണ്‍ഗ്രസ് നേതാവ് ചൗധരി മതീന്‍ അഹമ്മദിന്റെ മകന്‍ കൂടിയായ സുബൈര്‍ എഎപിയിലേക്ക് മാറിയത്.

 

പൗരത്വ ഭേദഗതി നിയമത്തിലെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലായിരുന്നു അഞ്ചുവര്‍ഷംമുമ്പ് ഏറ്റുമുട്ടിയത്. ഇതില്‍ 53 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇത്തവണ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോയപ്പോള്‍ ബിജെപി മുസ്തഫബാദില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മിശ്ര, അഞ്ചുവര്‍ഷം മുന്‍പ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രസംഗിച്ചിരുന്നു. ഇത്തവണ ഇദ്ദേഹത്തെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയ ബിജെപി പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും കലാപത്തെക്കുറിച്ച് മിണ്ടിയതേയില്ല. പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ കേന്ദ്രമന്ത്രി അമിത് ഷാ മാത്രമാണ് അവസാനദിവസം ഇക്കാര്യം വോട്ടര്‍മാരെ ഓര്‍മിപ്പിച്ചത്. ഈ കലാപത്തിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ എഎപി ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ഡല്‍ഹിയിലുള്ള രോഹിംഗ്യന്‍ മുസ്ലീങ്ങളെയും ബംഗ്ലാദേശികളെയും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ ഇക്കാര്യത്തില്‍ ഇനിയെന്തു സംഭവിക്കും എന്ന് കാത്തിരുന്നു കാണാം.