മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ പ്രസിഡന്റാവും

റെജുല പെലത്തൊടി വൈസ് പ്രസിഡന്റ്

മലപ്പുറം : നിയുക്ത മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലീം ലീഗ് തീരുമാനിച്ച അഡ്വ. കാരാട്ട് അബ്ദുറഹിമാനെയും വൈസ് പ്രസിഡന്റായി തീരുമാനിച്ച റെജുല പെലത്തൊടിയേയും മലപ്പുറം നിയോജക മണ്ഡലം മുസ്്‌ലീം ലീഗ് കമ്മിറ്റി പ്രസിഡന്റ് ഷാള്‍ അണിയിച്ച് അനുമോദിച്ചു. ഇതുസംബന്ധിച്ച യോഗം മലപ്പുറം നിയോജക മണ്ഡലം മുസ്്‌ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് പി. ബീരാന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം എല്‍ എ, ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ, സി എച്ച് ഹസ്സന്‍ ഹാജി, ബാബു മാസ്റ്റര്‍ ബംഗാളത്ത്, വി എ റഹ്്മാന്‍, ഷാഫി കാടേങ്ങല്‍ പ്രസംഗിച്ചു.

 

നിയുക്ത മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കാരാട്ട് അബ്ദുറഹിമാനെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഷാള്‍ അണിയിക്കുന്നു

മൂന്നു പതീറ്റാണ്ടുകാലം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയുടെ മകനാണ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍. മഞ്ചേരി ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അദ്ദേഹം കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി കൂടിയാണ്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ , പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പഞ്ചായത്ത് മുസ്്‌ലീം ലീഗ് ട്രഷറര്‍, വാരിയംകുന്നത്ത് ഫൗണ്ടേഷന്‍ രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. അറവങ്കര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

നിയുക്ത വൈസ് പ്രസിഡന്റായ റെജുല പെലത്തൊടി മുന്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മലപ്പുറം നിയോജക മണ്ഡലം വനിതാ ലീഗ് ട്രഷറര്‍, കോഡൂര്‍ പഞ്ചായത്ത് വനിതാലീഗ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.