തിരുവനന്തപുരം: പാച്ചല്ലൂരില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു. പാച്ചല്ലൂർ ഇടവിളാകത്തിനും അഞ്ചാംകല്ലിനുമിടയില് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കൂട്ടിയിട്ടിരുന്ന ആശുപത്രി മാലിന്യം ഉള്‍പ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്.പ്രദേശത്താകെ പുകപടലം ഉണ്ടാകുകയും തീ പടർന്ന് പിടിക്കുകയും ചെയ്തതോടെ പരിഭ്രാന്തരായ നാട്ടുകാർ വിവരം വാർഡ് കൗണ്‍സിലറെ അറിയിച്ചു. ഇതിന് പിന്നാലെ കൗണ്‍സിലർ ഇടപെട്ട് ഫയർഫോഴ്സിനെയും നഗരസഭ അധികൃതരെയും അറിയിച്ചു.
ഉടൻ തന്നെ വിഴിഞ്ഞത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീ പടരാതിരിക്കാൻ ജെസിബി വരുത്തി മണ്ണിട്ടു മൂടി. നാട്ടുകാർക്ക് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉള്‍പ്പെടെ ഉണ്ടായി. പുരയിടത്തിലെ ചതുപ്പ് നികത്തുന്നതിന്റെ ഭാഗമായി മാലിന്യം കൊണ്ടിട്ടതായിരുന്നു ഇവിടെ. പരാതി എത്തിയതോടെ ഉടമ തീയിട്ടതാണെന്നും ആരോപണമുണ്ട്. മാലിന്യം കത്തിയ സംഭവത്തില്‍ സ്ഥലം ഉടമയില്‍ നിന്ന് നഗരസഭ ഹെല്‍ത്ത് വിഭാഗം പിഴ ഈടാക്കി. നഗരസഭ, പൊലീസ്, ഫയർഫോഴ്സ് സംഘങ്ങള്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.