മാലാപ്പറമ്പ്-മലപ്പുറം വൈദ്യുതി ലൈന്‍ സ്ഥാപിക്കല്‍ : പൊതുമരാമത്ത്, കെ.എസ്.ഇ.ബി വകുപ്പുകളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു
ജില്ലയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ മലാപ്പറമ്പ് മുതല്‍ മലപ്പുറം വരെ വൈദ്യുത ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി വേഗത്തിലാക്കണമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ജില്ലാ വികസന യോഗത്തില്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. പൊതുമരാമത്തു വകുപ്പും കെ എസ് ഇ ബിയും സംയുക്തപരിശോധന നടത്തി സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു കൊണ്ടു പോകണമെന്ന് ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു.
തവനൂര്‍ പഞ്ചായത്തിലെ മിനി പമ്പയില്‍ നിര്‍മ്മിച്ച സര്‍വീസ് മേല്‍പ്പാലം ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന വിധത്തില്‍ ക്രമീകരിക്കണെമെന്ന് ഡോ. അബ്ദു സമദ് സമദാനി എം പി യുടെ പ്രതിനിധി ആവശ്യപ്പെട്ടു. ഭാരതപ്പുഴയിലെ മണലെടുപ്പിനുള്ള അനുമതിയുമായി ബന്ധപ്പെട്ട ആശങ്ക വി പി സുനീര്‍ എംപിയുടെ പ്രതിനിധി യോഗത്തില്‍ ഉന്നയിച്ചു. ജില്ലാതലത്തില്‍ അനുമതി നല്‍കിയിട്ടില്ലെന്നും വിഷയം ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നും എന്‍വയോണ്‍മെന്റ് ക്ലിയറന്‍സിന് ശേഷമേ അനുമതി ഉണ്ടാകൂ എന്നും ജില്ലാ കളക്ടര്‍ മറുപടി നല്‍കി.
ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 107 സാമ്പത്തിക തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1059 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ പ്രതിനിധിയാണ് വികസനസമിതി യോഗത്തില്‍ പ്രശ്നം ഉന്നയിച്ചത്. സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുമെന്നും ഇതിന്റെ ഭാഗമായി സാമ്പത്തിക സാക്ഷരതാവാരം ആചരിക്കുമെന്നും ലീഡ് ബാങ്ക് പ്രതിനിധി മറുപടി നല്‍കി.
സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ജാഗ്രതാസമിതികളും എസ്.പി.സി.യും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ യോഗത്തില്‍ പറഞ്ഞു. കോളജുകളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകളും അവബോധ ക്ലാസുകളും കാര്യക്ഷമമാണെന്ന് പെരിന്തല്‍മണ്ണ ഗവ.കോളെജ് പ്രിന്‍സിപ്പലും വിശദീകരിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ പ്രതിനിധിയാണ് വിദ്യാര്‍ഥികള്‍ക്കിടയിലുള്ള ലഹരിവിരുദ്ധ ബോധവത്കരണത്തെക്കുറിച്ച് വികസന സമിതിയില്‍ ചോദ്യമുന്നയിച്ചത്.
സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളെ ജില്ലാകലക്ടര്‍ അഭിനന്ദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലപ്പുറം ജില്ല, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി, അമരമ്പലം ഗ്രാമപഞ്ചായത്ത്, പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്നിവരെയും ജില്ലാ കളക്ടര്‍ അഭിനന്ദനം അറിയിച്ചു.
‘കരുതലും കൈത്താങ്ങും’ അദാലത്തിന്റെ ഭാഗമായി ജില്ലയില്‍ ലഭിച്ച 6000 പരാതികളില്‍ 1000 ല്‍ താഴെ മാത്രമേ പരിഹരിക്കാനുള്ളൂവെന്നും മാര്‍ച്ച് ആദ്യവാരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനു മുന്‍പായി എല്ലാ പരാതികളും പരിഹരിക്കണമെന്നും എ.ഡി.എം എന്‍.എം മെഹറലി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ‘കരുതലും കൈത്താങ്ങും’ ജില്ലാ തല അവലോകന യോഗം മാര്‍ച്ച് 11 ന് നടക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലെ ജീവിതശൈലീരോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഓഫീസുകളില്‍ നടത്തിവരുന്ന വാം അപ്പിനു ശേഷമാണ് വികസന സമിതി യോഗം തുടങ്ങിയത്. സമഗ്ര ഗുണമേന്‍മ വിദ്യാഭ്യാസ പദ്ധതിയുടെ അവലോകനം ഡി ഡി ഇ കെ.പി.രമേഷ് കുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിര്‍ദേശം നല്‍കി.
ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഡവലപ്മെന്റ് കമ്മീഷണര്‍ അപൂര്‍വ ത്രിപാഠി, തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, , വിവിധ എംഎല്‍എമാരുടെയും എംപിമാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.