കേരളത്തില്‍ 28 വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് വയനാട് ഒഴികെയുള്ള ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉപതെരഞ്ഞെടുപ്പ്.

തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സിപിഐയുടെ സിറ്റിങ് സീറ്റില്‍ ഇത്തവണ മല്‍സരിക്കുന്നത് വി ഹരികുമാര്‍ ആണ്. ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ വാര്‍ഡ് തിരിച്ചുപിടിക്കാന്‍ വീണ്ടും എത്തുന്നത് ബിജെപിയില്‍നിന്ന് ആര്‍ മിനി. അനുകൂല രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തുമെന്ന ആത്മവിശ്വാസവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി സുരേഷ് കുമാര്‍. ഇത്തവണത്തെ പ്രധാന പ്രചാരണങ്ങളിലൊന്ന് വാര്‍ഡ് വിഭജനമാണ്. ശ്രീവരാഹം വാര്‍ഡ് ഇനിയില്ല. പൗരാണികത പേറുന്ന വാര്‍ഡ് ഇല്ലാതാക്കിയത് എല്‍ഡിഎഫാണെന്ന് യുഡിഎഫും എന്‍ഡിഎയും ആരോപിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കള്ളം പറയുകയാണെന്ന് എല്‍ഡിഎഫിന്‍റെ മറുപടി

2015 ല്‍ വിജയിക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോകുകയും ചെയ്ത വാര്‍ഡ് തിരിച്ചുപിടിക്കാന്‍ മൂന്നാംതവണ മത്സരിക്കുകയാണ് ആര്‍ മിനി. 202 വോട്ടിനാണ് കഴിഞ്ഞ തവണ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചത്. എന്‍ഡിഎയാണ് തൊട്ടുപിന്നില്‍. തിരുവനന്തപുരം ജില്ലയില്‍ കരുകുളം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ്, പൂവച്ചല്‍ പ‍ഞ്ചായത്തിലെ അഞ്ചാംവാര്‍ഡ്, പാങ്ങോട് പ‍ഞ്ചായത്തിലെ ഒന്നാംവാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. 30 വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കാസര്‍കോട് ജില്ലയിലെ രണ്ടു വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.