കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താല്‍ അലങ്കരിച്ചു, കുവൈത്ത് ദേശീയ ദിനാഘോഷത്തില്‍ പങ്കാളിയായി ബഹ്റൈനും


മനാമ: കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ പങ്കുചേർന്ന് ബഹ്റൈനും. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പ്രധാന കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താല്‍ അലങ്കരിച്ചു.സർക്കാർ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സ്വകാര്യ മേഖലയില്‍ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും ഒരുപോലെ നീല നിറത്തില്‍ മുങ്ങി. ബഹ്റൈനും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധവും പരസ്പര സഹകരണവും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇത്. കൂടാതെ, കുവൈത്ത് നോതാക്കള്‍ക്ക് ബഹ്റൈൻ ഭരണാധികാരികള്‍ ആശംസ സന്ദേശവും കൈമാറിയിരുന്നു.

കുവൈത്തില്‍ ഇന്നും നാളെയുമായാണ് 64-ാമത് ദേശീയ ദിനവും 34-ാമത് വിമോചന ദിനവും ആഘോഷിക്കുന്നത്. ഈ മാസം രണ്ടിന് ബയാൻ പാലസില്‍ കുവൈത്ത് അമീർ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹ് പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെങ്ങും നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.