ഭാര്യയെ സംശയം; കടയില്‍ കയറി അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു, പ്രതി പിടിയില്‍


തൃശൂര്‍: ചാലക്കുടിയില്‍ യുവതിയെ കടയില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്ബില്‍ സലീഷ് (45) ആണ് അറസ്റ്റിലായത്.ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് സംഭവം.

ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയാണ് ആക്രമണത്തിനിരയായത്. സംശയത്തെ തുടര്‍ന്നുള്ള വിരോധത്താലാണ് പ്രതി ഭാര്യയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കടയിലേക്ക് അതിക്രമിച്ചുകയറിയ പ്രതി അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പലതവണ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. യുവതി നിലത്തുവീണശേഷവും കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. ഇതിനിടയില്‍ ആളുകള്‍ ബഹളം കേട്ട് എത്തിയതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിനുശേഷം യുവതി ആശുപത്രിയില്‍ ചികിത്സ തേടി. ഒളിവില്‍ പോയ പ്രതിയെ കൊടകര പൊലീസും ചാലക്കുടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ, കൊടകര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടില്‍ സിവില്‍ പൊലീസ് ഓഫീസർ സുരേഷ് എന്നിവരും ചേർന്നാണ് സലീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.