കലാകാരമാര്‍ക്കും ജീവിക്കണം: മലപ്പുറത്ത് നന്മയുടെ പ്രതിഷേധ സംഗമം

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ  സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോവിഡ്  പ്രതിസന്ധിയില്‍ കലാകാരന്മാര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാതലത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.  മഹാമാരിയും പ്രളയവും കലാകാരന്മാരുടെ  ജീവിതത്തിലുണ്ടാക്കിയ ആഘാതം ചെറുതല്ല. കലാകാരന്മാര്‍ക്ക് തൊഴിലെടുക്കാനും കലാജീവിതം മുന്നോട്ടു കൊണ്ടുപോകാനും അവസരമൊരുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ബാറുകളും ടൂറിസം കേന്ദ്രങ്ങളും  പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ നിരവധി കലാകാരന്മാരുടെ ജീവിത മാര്‍ഗമായ സ്‌റ്റേജ് പരിപാടികളോടും മറ്റു കലാപരിപാടികളോടും ഇനിയും വിലക്ക് ഒഴിവാക്കണം. കലാകാരന്മാര്‍ക്ക് പലിശരഹിതവായ്പ അനുവദിക്കണം.  ഇതര തൊഴില്‍ മേഖലകള്‍ മെല്ലെയെങ്കിലും സജീവമാകുമ്പോള്‍ കലാകാരന്മാര്‍ തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണ്.

നന്മയുടെ പ്രതിഷേധ സംഗമം സംസ്ഥാനകമ്മിറ്റി അംഗം ഉമേഷ് നിലമ്പൂര്‍ ഉദ്ഘാടനം ചെയ്യുന്നു

പലരും മറ്റു മേഖലകളിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇത് കലാസാംസ്‌കാരിക രംഗത്ത് വലിയ തിരിച്ചടിയാവും. താല്പര്യമുള്ളവര്‍ക്ക് മറ്റു തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ചുരുങ്ങിയ പലിശയ്ക്കു വായ്പ പദ്ധതികള്‍ ആവിഷ്‌കരിക്കണം. കോവിഡാനന്തര സാംസ്‌കാരിക ഉത്സവങ്ങള്‍ ലളിതമായ പശ്ചാത്തല സൗകര്യങ്ങളോടെ പ്രാദേശിക കലാകാരന്മാര്‍ക്ക് ഗുണമായ വിധം സംഘടിപ്പിക്കുന്നതിന് പഞ്ചായത്തുകള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. കലാകാരന്മാരും ഒരു തൊഴില്‍ വിഭാഗം ആണെന്ന് തിരിച്ചറിയുവാനും അവരുടെ സംരക്ഷണത്തിനും സര്‍ക്കാര്‍ തയ്യാറാകണമെന്നും നന്മ പ്രതിഷേധ സംഗമം  ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റ് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം നന്മ സംസ്ഥാന കമ്മിറ്റി അംഗം ഉമേഷ് നിലമ്പൂര്‍ ഉദ്ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് രാജാജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. സര്‍ഗ വനിതാ ജില്ലാ പ്രസിഡന്റ്  ഗീതാകുമാര്‍ ചുങ്കത്തറ,  സംസ്ഥാന കമ്മിറ്റി അംഗം ശോഭ നിലമ്പൂര്‍, നന്മ ജില്ലാ കമ്മിറ്റി അംഗങ്ങളായ  എ.പി. ഗോപാലകൃഷ്ണന്‍ കാലടി, ടി.പി. മജീദ് പൊന്നാനി, വിജയലക്ഷ്മി നിലമ്പൂര്‍, രവീന്ദ്രന്‍ മലപ്പുറം, ഓസ്മാന്‍ മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു. നന്മ  സംസ്ഥാന കമ്മിറ്റി അംഗം പ്രമോദ് തവനൂര്‍ സ്വാഗതവും മീഡിയ കോര്‍ഡിനേറ്റര്‍ മലയില്‍ ഹംസ നന്ദിയും പറഞ്ഞു. ബാബുരാജ് കോട്ടക്കുന്ന്, ശശി ചിത്ര, ഗിരീഷ് കുമാര്‍ ചുങ്കത്തറ, ഉണ്ണി ഗ്ലോറി, നവാസ് തറയില്‍, ഹാരിസ് കോട്ടപ്പടി, റഫീഖ്, സതീഷ്പണിക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു