ആശ്വാസം, താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ താനൂര്‍ പൊലീസിന് കൈമാറും


മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചു. ഉച്ചയോടെ താനൂർ പൊലീസിന് പെണ്‍കുട്ടികളെ കൈമാറും.മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗണ്‍സലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

മുംബൈ-ചെന്നൈ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ ഇന്ന് പുലർച്ചെ ഒന്നേമുക്കാലിന് ലോനാവാലയില്‍ വെച്ച്‌ റെയില്‍വേ പൊലീസാണ് കണ്ടെത്തിയത്. ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവില്‍ മൊബൈല്‍ ലൊക്കേഷൻ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിർണായകമായത്. കുട്ടികള്‍ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതില്‍ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. ഇന്ന് തന്നെ വീട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെണ്‍കുട്ടികള്‍ മുബൈയില്‍ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികള്‍ അയാള്‍ക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഉച്ചയോടെ ഇവർ ഒരു സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികള്‍ അവിടെ എത്തിയതായി മലയാളിയായ സലൂണ്‍ ഉടമയും പിന്നീട് സ്ഥിരികരിച്ചു.

സുഹൃത്തിന്‍റെ വിവാഹത്തിന് എത്തിയതാണെന്ന് ആദ്യം പറഞ്ഞ വിദ്യാർത്ഥിനികള്‍ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളെ കാണാനെത്തിയതാണെന്നാണ് പിന്നീട് പറഞ്ഞതെന്ന് മുംബൈയിലെ ലാസ്യ സലൂണ്‍ ഉടമ ലൂസി പ്രിൻസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെണ്‍കുട്ടികളുടെ കൈവശം ഏറെ പണമുണ്ടായിരുന്നതായും ലൂസി പറഞ്ഞു. ലൂസിയുടെ സലൂണില്‍ ഇന്നലെ വൈകീട്ട് പെണ്‍കുട്ടികള്‍ മുടി ഡ്രസ്സ് ചെയ്യാൻ കയറിയിരുന്നു. ഇവരെ കൊണ്ടുപോകാൻ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിന് മുമ്ബ് ഇവ‍ർ അവിടെ നിന്ന് കടന്നുകളഞ്ഞു.

നാല് മണിയോടെ ഇവർ മുംബൈ സിഎസിടി റെയില്‍വെ സ്റ്റേഷന് എത്തിയെന്നാണ് വിവരം. പിന്നീട് നാല് മണിക്കൂറോളം ഇവർ അവിടെ തന്നെ തുടർന്നു. രാത്രി ഒൻപത് മണിയോടെ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇവർ പുതിയ ഒരു സിം കാർഡ് ഇട്ടു. ഇതാണ് അന്വേഷത്തില്‍ നിർണായകമായത്. കുട്ടികളുടെ മൊബൈല്‍ ലൊക്കേഷൻ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവർ പുതിയ സിം ഫോണില്‍ ഇട്ടപ്പോള്‍ തന്നെ ടവർ ലൊക്കേഷൻ ലഭിച്ചു.

മുംബൈ സിഎസ്‍ടി റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്നാണ് ലൊക്കേഷൻ എന്ന് മനസിലാക്കിയ പൊലീസ് മുംബൈയിലെ മലയാളി അസോസിയേഷൻ പ്രവ‍ർത്തകരുടെ സഹായത്തോടെ അവിടെ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ 10.45ഓടെ ഇവർ സിഎസ്‍ടിയില്‍ നിന്ന് പുറപ്പെട്ടു. ചെന്നൈ എഗ്മോർ എക്സ്പ്രസില്‍ സിഎസ്ടിയില്‍ നിന്ന് തന്നെയാണ് കയറിയതെന്നും സൂചനയുണ്ട്. 1.45ന് ട്രെയിൻ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് പിടികൂടുന്നത്.

ബുധനാഴ്ച സ്കൂളില്‍ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞാണ് ഇവർ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്കൂളില്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച്‌ ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയ്യതി ഇതുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ത ഒരാള്‍ക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.