മാലിന്യമുക്ത നവകേരളം: മാസ്സ് ക്ലീനിംഗ് 23ന്
മാലിന്യമുക്ത നവകേരളം ജനകീയക്യാമ്പയിന്റെ ഭാഗമായി മാസ്സ് ക്ലീനിംഗ് മാര്‍ച്ച് 23ന് രാവിലെ പത്ത് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, സൗന്ദര്യവത്കരണം എന്നിവ സംബന്ധിച്ച് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 23ന് കളക്ടറേറ്റും പരിസരവും ശുചിയാക്കും. ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നും 100 വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പിലെ കോമണ്‍ ഏരിയകള്‍ വൃത്തിയാക്കുന്നത് അതത് ഓഫീസ് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. അതില്‍ അലംഭാവം കാണിക്കാന്‍ പാടില്ല. അതുപോലെ 12 ശുചിമുറികളാണ് നിലവില്‍ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ളത്. ഇവയുടെ ശുചീകരണവും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഓഫീസിന്റെ ചുമതലയില്‍ വരുമെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. ഓഫീസുകളില്‍ ഇനിയും ഒഴിവാക്കാന്‍ ബാക്കിയുള്ള ഇ-വേസ്റ്റുകള്‍ ക്ലീന്‍ കേരളയുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഒഴിവാക്കണമെന്നും ഇതുവരെ 60 ടണ്ണിലധികം ഇ-വേസ്‌ക്കുകള്‍ സിവില്‍സ്റ്റേഷനില്‍ നിന്ന് മാത്രം നീക്കം ചെയ്തുവെന്നും കളക്ടര്‍ അറിയിച്ചു.
മാലിന്യമുക്ത നവകേരളം: മാസ്സ് ക്ലീനിംഗ് 23ന്
വിവിധ സംഘടനകളുടെ പോസ്റ്റര്‍ പതിപ്പിക്കാനും ബാനറുകള്‍ സ്ഥാപിക്കാനും പ്രത്യേകം ഏരിയകള്‍ സൃഷ്ടിക്കും. കെട്ടിടത്തിന്റെ ചുമരില്‍ പതിപ്പിക്കുന്ന രീതി ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കണ്ടംചെയ്ത സര്‍ക്കാര്‍ വാഹനങ്ങള്‍ അടുത്തമാസം 15നുള്ളില്‍ ലേലം ചെയ്ത് വില്‍ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലേലം ചെയ്യാത്തപക്ഷം എം.എസ്.ഡി.സി വഴി ലേലം ചെയ്യുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ യൂസര്‍ഫീ നല്‍കാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ഒഴിവാക്കാന്‍ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹറലി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.