നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലയിൽ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ജില്ലയിലെത്തി. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, മണ്ഡലം വരണാധികാരി, ഇലക്ട്രൽ രജിസ്ടേഷൻ ഓഫീസർ തുടങ്ങി വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴച നടത്തി തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
രാവിലെ ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പ്രാഥമിക യോഗത്തിന് ശേഷം സിവിൽ സ്റ്റേഷനിലെ ഇ.വി.എം.- വിവിപാറ്റ് ഡിപ്പോയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് ഉൾപ്പെടെ പൊലീസ് ഓഫീസർമാർ, എക്സൈസ് ഉദ്യോഗസ്ഥർ, ഇൻകം ടാക്സ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ എന്നിവരുടെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.
ബൂത്ത് ലെവൽ ഓഫീസർമാർ ഇല്ലാത്തയിടങ്ങളിൽ എത്രയും പെട്ടെന്ന് ബി.എൽ.ഒ മാരെ നിയമിക്കാൻ സി.ഇ. ഒ നിർദേശിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ വി. ആർ. വിനോദ്, അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ റൂസി ആർ.എസ്, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാദി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി എം സനീറ, നിയോജക മണ്ഡലത്തിന്റെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ പി സുരേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
രണ്ട് ദിവസം നിലമ്പൂരിൽ തങ്ങി ഒരുക്കങ്ങൾ വിലയിരുത്തുന്ന സി.ഇ.ഒ ബുധനാഴ്ച നിലമ്പൂരിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
പുതുതായി 59 പോളിംഗ് ബൂത്തുകൾ ഉൾപ്പടെ 263 പോളിങ് സ്റ്റേഷനുകളാണ് നിലമ്പൂരിലുള്ളത്. മണ്ഡലത്തിൽ 1,11,692 പുരുഷ വോട്ടർമാരും 1,16,813 സ്ത്രീ വോട്ടർമാരുമാണുള്ളത്.
പോളിങ് സാമഗ്രികൾ ശേഖരിക്കാനും വോട്ടെണ്ണൽ കേന്ദ്രമായും തിരുമാനിച്ചത് ചുങ്കത്തറ മാർതോമ ഹയർ സെക്കണ്ടറി സ്കൂളാണ്.