ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള വഴക്കിനിടെ ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി.അരൂക്കുറ്റി സ്വദേശി ജയേഷ് ആണ് കീഴടങ്ങിയത്. അരൂക്കുറ്റി സ്വദേശി വനജ ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. വനജയുടെ വീട്ടുകാരും അയല്‍വാസിയായ വിജേഷിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പോലിസ് പറയുന്നു. ഇന്നലെ ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് വനജയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റത്. അടിയേറ്റ് ബോധരഹിതയായ വനജയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങളായ ജയേഷിന്റെ പക്കല്‍ നിന്നാണോ വിജേഷിന്റെ പക്കല്‍ നിന്നാണോ വനജയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റതെന്ന് കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പോലിസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. തുടർന്ന് പ്രതികള്‍ ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ജയേഷ് പൂച്ചാക്കല്‍ പോലിസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇരുവർക്കുമെതിരെ പോലിസ് കൊലപാതകകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വിജേഷിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പരാതിയെ തുടർന്ന് കൊല്ലപ്പെട്ട വനജയുടെ കുടുബത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വനജയുടെ മകൻ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.