നാലുമാസം സൗജന്യ റേഷന്‍; വിതരണം തുടങ്ങി

നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ ആരംഭിച്ചു

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയർ അജിത ജയരാജൻ നിർവ്വഹിച്ചു. തൃശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ 12 എ എ വൈ (മഞ്ഞ) കാർഡുടമകൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ജില്ലയിലെ 8,48,000 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ഒരു കിലോഗ്രാം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ വരെയുള്ള നാല് മാസങ്ങളിൽ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാകും. എ.എ.വൈ. കാർഡുടമകൾക്ക് സെപ്റ്റംബർ 24 മുതൽ 28 വരെയും 29,30 തിയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് വിതരണം ചെയ്യും. കാർഡ് നമ്പർ അവസാനിക്കുന്ന അക്കത്തെ അടിസ്ഥാനമാക്കി റേഷൻകടകളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

കൗൺസിലർ കെ. മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ കെ അയ്യപ്പദാസ്, താല്ലൂക്ക് സപ്ലൈ ഓഫീസർ ജോസി ജോസഫ്, ഡിപ്പോ മനോജർ പി.ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.