തിരൂരില്‍ ക്രൈം നിരക്ക് കുറയുന്നു
പോക്‌സോ കേസുകളില്‍ കുറവില്ല
സെപ്റ്റംബറില്‍ കൂടുതല്‍ കേസുകള്‍
തിരൂര്‍: പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2020ല്‍ ക്രൈം നിരക്കില്‍ വലിയ കുറവുണ്ടായതായി തിരൂര്‍ പോലീസിന്റെ റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൊലപാതക കുറ്റങ്ങളടക്കം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സെപ്തംബറില്‍ ക്രൈം കേസുകളുടെ എണ്ണം കൂടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ക്രിമിനല്‍ കേസുകള്‍ കുറഞ്ഞെങ്കിലും മോഷണക്കേസുകള്‍ കൂടുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത. വലിയ സാമ്പത്തിക മാന്ദ്യമാണിതിനു കാരണമായി വിലയിരുത്തപ്പെടുന്നത്.
2020 സെപ്റ്റംബര്‍ വരെ 968 ക്രിമിനല്‍ കേസുകളാണ് തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ട് കൊലപാതക കേസുകള്‍ മാത്രമാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊലപാതക ശ്രമം ഒന്നും. എന്നാല്‍ പീഡനകേസിലും കുട്ടികള്‍ക്കെതിരെയുള്ള (പോക്‌സോ) അതിക്രമങ്ങളും വല്ലാതെ കുറഞ്ഞിട്ടില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 29 കേസുകളും പോക്‌സോ 16 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ബലാത്സംഗ കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ 5 എണ്ണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 4 വഞ്ചനാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സിവില്‍ കേസുകളാകട്ടെ വളരെ കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ കേസുകളുടെ കുറവിനു കാരണം കോവിഡാണെന്ന് തിരൂര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ടി.പി. ഫര്‍ഷാദ് പറഞ്ഞു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സ്‌നേഹമുള്ള ജനങ്ങളാണ് തിരൂരിലുള്ളത്. അതേസമയം വൈകാരികമായി പ്രതികരിക്കുന്നവര്‍ കൂടിയാണിവര്‍- അദ്ദേഹം പറഞ്ഞു.
കൊലപാതക കേസുകള്‍ 2016, 17,18 വര്‍ഷങ്ങളില്‍ രണ്ടും ഒന്നും മൂന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കൊലപാതക ശ്രമങ്ങള്‍ പ്രസ്തുത വര്‍ഷങ്ങളില്‍ യഥാക്രമം 3,3,10 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2019ല്‍ ഒരു കൊലപാതകവും 22 കൊലപാതക ശ്രമങ്ങളും നടന്നു. കലാപശ്രമ കേസുകളാണ് തിരൂരില്‍ നടന്ന മറ്റു പ്രധാന കേസുകള്‍. 2015ല്‍ 61ഉം 16ല്‍ 37ഉം 17ല്‍ 59ഉം 18ല്‍ 46 കേസുകള്‍ നടന്നു. 2019ല്‍ 36 കലാപ ശ്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2020 ഇത്തരത്തിലുള്ള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ആറു മുതല്‍ എട്ടു വരെ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും 2020ല്‍ രണ്ടു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കോവിഡ് കാലമായിട്ടും പോക്‌സോ കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. 2018ല്‍ മാത്രമാണ് 21 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2019ല്‍ 41 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.