കോവിഡ് വ്യാപനം: തിരൂരില്‍ കൂടുതല്‍ കരുതല്‍ വേണം

മാസ്‌ക് വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

തിരൂര്‍: കോവിഡ് രോഗവ്യാപനം തടയുന്നതിന് തിരൂരില്‍ കൂടുതല്‍ നടപടികളെടുത്ത് ആരോഗ്യവകുപ്പ്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന് കാര്യക്ഷമമായി ഇടപെടുന്നതിനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. തീരമേഖലയില്‍ വ്യാപനം തടയുന്നതിന് കഴിഞ്ഞയാഴ്ച തഹസില്‍ദാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികളെടുത്തിരുന്നു. ദിനംപ്രതി തിരൂര്‍ മേഖലയില്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കരുതല്‍ നടപടികളെടുക്കുന്നത്. എന്നാല്‍ ഭീതിയുടെ സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനാണ് നിര്‍ദേശം. കഴിഞ്ഞ ഒരാഴ്ചയായി താനൂര്‍, തിരൂര്‍ മേഖലകളില്‍ രോഗികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകളില്‍ നിന്നു വ്യക്തമാണ്. കഴിഞ്ഞ ഒരാഴ്ചയായി 15 മുതല്‍ 25 വരെ കോവിഡ് രോഗികള്‍ തിരൂര്‍ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിലും കൂടുതലാണ് താനൂരില്‍. അതേസമയം തിരൂരിന്റെ പരിസര പഞ്ചായത്തുകളായ വെട്ടം, തലക്കാട്, നിറമരുതൂര്‍ എന്നിവിടങ്ങളില്‍ താരതമ്യേന കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞയാഴ്ച മലപ്പുറം ജില്ലയില്‍ തന്നെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാല്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് തുടര്‍ന്നുള്ള ദിവസങ്ങളിലുണ്ടായിട്ടുള്ളത്.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തിരൂര്‍ മേഖലയില്‍ പോസിറ്റിവ് കേസുകള്‍ കുറവായിരുന്നു. ജില്ലയുടെ വിവിധ മേഖലകളില്‍ രോഗവ്യാപനം കൂടിയതിന്റെ ഭാഗമായി നിരവധി തവണ ലോക്ക് ഡൗണുകള്‍ പ്രഖ്യാപിച്ചെങ്കിലും തിരൂരില്‍ താരതമ്യേന കുറവായിരുന്നു. ആഗസ്റ്റ് മാസത്തില്‍ തിരൂരില്‍ ഒന്നു രണ്ടു വാര്‍ഡുകളില്‍ മാത്രമായിരുന്നു ലോക്ക് ഡൗണ്‍. കൂടാതെ ഗള്‍ഫ് മാര്‍ക്കറ്റും മത്സ്യമാര്‍ക്കറ്റും ദിവസങ്ങളോളം പൂട്ടിയിട്ടതിനെ തുടര്‍ന്ന് നഗര മേഖലകളില്‍ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ സാധിച്ചു. നഗരത്തില്‍ വ്യാപാര മേഖല ഉണര്‍ന്നു കഴിഞ്ഞു. കോവിഡിനു മുന്‍പത്തെ പോലെ നഗരത്തിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമുണ്ടായത് വ്യാപാര മേഖലയ്ക്ക് ഗുണകരമായിട്ടുണ്ട്.
ഇതര ജില്ലകളില്‍ നിന്നും ഗള്‍ഫ് മാര്‍ക്കറ്റിലേയ്‌ക്കെത്തുന്നവരുടെയും വരവും കൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വീണ്ടുമൊരു രോഗവ്യാപനമുണ്ടാവാത്ത തരത്തില്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും നഗരത്തിനകത്തും മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ വ്യാപക നടപടിയെടുക്കുന്നുണ്ട്. ശുചിത്വകാര്യത്തില്‍ കണിശത പാലിക്കണമെന്ന് ഹോട്ടലുടമകള്‍ക്കും കൂള്‍ബാറുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.