ചീരുവിന്റെ ചിത്രത്തിനരികെ നിറവയറിൽ മേഘ്‌ന; സീമന്ത ചടങ്ങ്,

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനായികയാണ് മേഘ്ന രാജ്. മേഘ്‌നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സാർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴിതാ മേഘ്‌നയുടെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങിലെ വേദിയിൽ മേഘ്‌നയുടെ അടുത്തായി ചിരഞ്ജീവിയുടെ ഒരു വലിയ കട്ടൗട്ട് ചിത്രവും സ്ഥാപിച്ചിട്ടുണ്ട്.
തന്റെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മേഘ്ന ഇപ്പോൾ. സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം വൈകാരികമായ ഒരു അടിക്കുറിപ്പും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘ എന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ, ഇങ്ങനെയാണ് ചീരു വേണ്ടിയിരുന്നത്. ആ രീതിയിൽ തന്നെ അതുണ്ട്, എപ്പോഴും ഉണ്ടാകുകയും ചെയ്യും. ഞാൻ നിന്നെ സ്നേഹിക്കുന്നു’ മേഘ്ന കുറിച്ചു.
അതേസമയം, ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സാർജ മരിച്ചത്. 39 വയസായിരുന്നു. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് ‘രാജാ മാർത്താണ്ഡ’. ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് ചിരഞ്ജീവി സാർജയുടെ സഹോദരനും നടനുമായ ധ്രുവ് സാർജ നിർമാതാക്കളെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാനായി ധ്രുവ് സാർജ, സംവിധായകൻ രാം നാരായണനെയും, നിർമാതാവ് ശിവകുമാറിനെയും സമീപിച്ചു ചർച്ചകൾ നടത്തിയിരുന്നു.