ഡി കെ ശിവകുമാര്‍ 75 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് സി.ബി.ഐ; കേസ് രജിസ്റ്റര്‍ ചെയ്തു

ബാംഗ്ലൂർ:കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഡി.കെ. ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രിയായിരുന്ന സമയത്ത് 74.93 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്ന് കാണിച്ചാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ശിവകുമാറുമായും അദ്ദേഹത്തിന്റെ സഹോദരനും എം.പിയുമായ ഡി.കെ. സുരേഷുമായും ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച ഒരേസമയം സി.ബി.ഐ. റെയ്ഡ് നടത്തിയത്. കര്‍ണാടകയിലെ ഒന്‍പത് സ്ഥലങ്ങള്‍, ഡല്‍ഹിയിലെ നാല് സ്ഥലങ്ങള്‍, മുംബൈയിലെ ഒരിടം എന്നിവിടങ്ങളിലായിരുന്നു റെയഡ്.
ഹാര്‍ഡ് ഡിസ്‌ക്, വസ്തു രേഖകള്‍, ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തതായി സി.ബി.ഐ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവ കൂടാതെ 57 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തതായി സി.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശിവകുമാര്‍ നിഷേധിച്ചു. ബി.ജെ.പി. തന്നെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് 19 ആരംഭിച്ചതു മുതല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കു വേണ്ടി പോരാടുകയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരാജയങ്ങളെ വെളിച്ചത്തുകൊണ്ടുവരികയുമാണ്. അനീതിക്കെതിരെ പോരാടുന്നതില്‍നിന്ന് തന്നെ തടയാന്‍ ഇത്തരം റെയ്ഡുകള്‍ക്കാവില്ല. ഇത്തരം തന്ത്രങ്ങള്‍ക്കെതിരെ ജനങ്ങളുടെ കോടതിയില്‍ തങ്ങള്‍ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു