വനിതാ ഡോക്ടറെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോനയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണ് ക്ലിനിക്കിൽ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കി നിൽക്കെയാണ് സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി സോന കുട്ടനെല്ലൂരില്‍ ദന്താശുപത്രി നടത്തിവരികയാണ്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സോനയും ബന്ധുക്കളും നേരത്തെ മഹേഷിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷിനെ പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരില്‍ ക്ലിനിക്ക് ആരംഭിച്ചപ്പോള്‍ സ്ഥാപനത്തിലെ ഇന്റീരിയര്‍ ഡിസൈനിങ് ജോലികളും മഹേഷിനെ ഏല്‍പ്പിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്‌ളാറ്റില്‍ മഹേഷിനൊപ്പം താമസവും തുടങ്ങി.