പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തിരൂരിലെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രതി അറസ്റ്റിൽ; സംഭവത്തിന് പിന്നിൽ അന്തർസംസ്ഥാന സംഘമെന്ന് പൊലീസ്

തിരൂർ: വിദേശത്തുള്ള മകൻ്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച ശേഷം പണം തട്ടി മുങ്ങിയ സംഘത്തിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ പരിയാരം സ്വദേശി നഫീസ മൻസിൽ മുഹമ്മദ് റിവാജ് (33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 ന് ആണ് കേസിനാസ്പദമായ സംഭവം. തിരൂർ പയ്യനങ്ങാടി സ്വദേശി കുഞ്ഞുമുഹമ്മദിൻ്റെ വീട്ടിലെത്തിയാണ് സംഘം പണം കവർന്നത്. വിദേശത്തുള്ള മകൻ്റെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റു ചെയ്യാമെന്നു പറഞ്ഞായിരുന്നു ഇവർ പയ്യനങ്ങാടിയിലെ വീട്ടിലെത്തിയത്. എന്നാൽ പണം കണ്ടതിനു ശേഷം മാത്രമെ ക്രെഡിറ്റ് ചെയ്യൂവെന്ന് സംഘം പറഞ്ഞതു പ്രകാരം വീട്ടുടമ ഒരു കോടി രൂപ ലിക്വുഡ് ക്യാഷ് കാണിച്ചു. അൽപസമയത്തിനും ശേഷം ക്രെഡിറ്റ് ആവുമെന്ന് പറഞ്ഞ ശേഷം സംഘം വീട്ടിൽ നിന്നിറങ്ങി. തുടർന്ന് വീടും പരിസരവും നിരീക്ഷിച്ച് സംഘം ഏറെ നേരം വീട്ടുകാരറിയാതെ സ്ഥലത്ത് തമ്പടിച്ചു. രാത്രി എട്ടുമണിക്കു ശേഷം വീട്ടിലേക്ക് ഓടിക്കയറിയ സംഘം പണം പിടിച്ചുപറിച്ച് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. പിടിവലിയിൽ 20 ലക്ഷം രൂപ വീട്ടിൽ തറയിൽ വീണു.ബാക്കി 80 ലക്ഷം രൂപയുമായാണ് സംഘം കടന്നുകളഞ്ഞത്. കുഞ്ഞുമുഹമ്മദ് തിരൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് തളിപ്പറമ്പ് ക്രൈം സ്ക്വാഡുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സംഘം സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വാടക കാർ റിവാജിന് നൽകിയെന്ന് റെൻ്റ് എ കാർ ഉടമ പൊലീസിൽ വിവരം നൽകി. ഇതനുസരിച്ച് പ്രതിയെ നിരീക്ഷിച്ചു. തളിപ്പറമ്പ് സീതി സാഹിബ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചു. ഗ്രൗണ്ടിൽ കളിക്കാനെത്തിയ പ്രതിയെ പൊലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.

ബിസിനസ് ആവശ്യങ്ങൾക്ക് പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു നൽകുന്ന സംഘങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ റിവാജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഘത്തിൽ നാലുപേർ കൂടി പിടിയിലാകാനുണ്ട്. പ്രതികളിലൊരാൾ മുംബൈ സ്വദേശിയാണ്. മറ്റു പ്രതികൾ കൂടി പിടിയിലാകുന്നതോടെ മോഷണത്തിൻ്റെ ചുരുളഴിയുമെന്നാണ് പൊലീസ് കരുതുന്നത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. തിരൂർ സി ഐ ടി പി ഫർഷാദ്, എസ് ഐമാരായ ജലീൽ കറുത്തേടത്ത്, ഷറഫുദ്ദീൻ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തളിപ്പറമ്പിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും