താനാളൂരിലെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; യാഥാർത്ഥ്യമാക്കിയത് 78 ലക്ഷം രൂപയുടെ ചികിത്സാ സൗകര്യങ്ങൾ

പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള ആർദ്രം മിഷന്റെ ഭാഗമായി 78 ലക്ഷം രൂപ വിനിയോഗിച്ച് സജ്ജീകരിച്ച താനാളൂർ ചുങ്കത്തെ  കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വി.അബ്ദുറഹ്മാൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്    വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കളത്തിൽ ബഷീർ അധ്യക്ഷനായി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ  റസാഖ്, ജില്ലാ പഞ്ചായത്ത് അംഗം  വി.പി  സുലൈഖ, ബ്ലോക്ക് പഞ്ചായത്ത് അംഗം സെമീർ തുറുവായിൽ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്  സഹദേവൻ സ്വാഗതവും മെഡിക്കൽ ഓഫീസർ കെ ടി ശ്രുതി നന്ദിയും പറഞ്ഞു.താനാളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപയും എൻ.ആർ.എച്ച്.എം ഫണ്ടായ 16 ലക്ഷം രൂപയും മറ്റു തുകയും വിനിയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. ആധുനിക സംവിധാനത്തോടെ ലാബ്, ഫാർമസി, ഒ.പി സൗകര്യങ്ങൾ,പ്രീ ചെക്കപ്പ് ഏരിയ,  ഗർഭിണികൾക്കും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക സൗകര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ സേവനത്തിനായി കാത്തിരിക്കുന്നവർക്ക് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ബോധവൽക്കരണ സന്ദേശങ്ങളും വാർത്തകളും അറിയിക്കുന്നതിനുള്ള വിനിമയ മാർഗവും  ഒ.പിയിൽ സജ്ജമാക്കിയിട്ടുണ്ട്.     ഓഫീസ് സംവിധാനങ്ങളും മീറ്റിംഗ് ഹാളും  പ്രത്യേകമായുണ്ട് . ശിശു സൗഹൃദ പ്രതിരോധ കുത്തിവെപ്പുകൾ ചെയ്യുന്നതിന്   ആവശ്യമായ സൗകര്യങ്ങളുമുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി പാർക്കും മനോഹരമായ ചുമർചിത്രങ്ങൾ ഉൾപ്പെടെയുള്ള സന്ദേശങ്ങളും  തയ്യാറാക്കിയിട്ടുണ്ട്.   ഡോക്ടർമാരുടേയും ജീവനക്കാരുടേയും എണ്ണം വർധിപ്പിക്കുകയും  ഒ.പി സമയം രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറു വരെ ട ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഭാവിയിൽ ഇ-ഹെൽത്തുമായി ബന്ധപ്പെടുത്തി ഓൺലൈൻ ടോക്കൺ സൗകര്യം ഒരുക്കും.   അറുപതിനായിരത്തോളം ജനങ്ങളുള്ള  താനാളൂർ ഗ്രാമ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത് ഒട്ടേറെ പേർക്ക് മികച്ച സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് സഹായകരമാകും.