കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടി അകലം പാലിച്ചാലും കോവിഡ് പകരാമെന്ന് പുതിയ പഠനം

വാഷിങ്ടണ്‍:കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടിയിലധികം അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ക്കണങ്ങള്‍ വായുവില്‍ ലയിച്ചു ചേര്‍ന്നേക്കാം. അതിനാല്‍, മുമ്പ് സുരക്ഷിതമെന്നു കരുതിയിരുന്ന അകലം പോലും രോഗവ്യാപനത്തെ തടയുമെന്നു കരുതാനാകില്ല.

ആറടി അകലെന്ന സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടും പലര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ആറടിയിലും കൂടുതല്‍ അകലത്തിലേക്കു വായുവില്‍ വൈറസ് വ്യാപനം ഉണ്ടെന്ന് ചില ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അതിനാല്‍ കോവിഡിനെതിരെ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള നീക്കത്തിലാണ് സിഡിസി. യുഎസിലെ 34 സ്ഥലങ്ങളിലുള്ള കോവിഡ് ബാധിതരുടെ എണ്ണം പുതിയ തലത്തിലേക്ക് കടക്കുന്നതിനാലാണ് കോവിഡ് നിര്‍ദേശങ്ങള്‍ പുതുക്കുന്നത്.

കഴിഞ്ഞ മാസം ഉണ്ടായിരുന്നതിലും അധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈറസ് വൈറ്റ്ഹൗസിലും പിടിമുറുക്കുന്നതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിലാണ് രോഗം പടരുന്നതില്‍ വര്‍ധനയുണ്ടാകുന്നതെന്നും സിഡിസി ചൂണ്ടിക്കാട്ടുന്നു.