ഡൗൺ ബ്രിഡ്ജിന് അഭിമാന നേട്ടം; കോവിഡ് കാല സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ജില്ല പൊലീസിന്റെ പുരസ്കാരം
കോവിഡ് മഹാമാരി കാലത്ത് നിസ്വാർഥമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിന് തിരൂരിലെ യുവ കൂട്ടായ്മയായ ഡൗൺ ബ്രിഡ്ജ് ആർട്സ് & സ്പോർട്സ് ക്ലബിന് മലപ്പുറം ജില്ല പൊലീസിന്റെ പുരസ്കാരം. കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിന് ചെയ്ത സാമൂഹ്യ പ്രതിബന്ധത ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാണ് ഡൗൺ ബ്രിഡ്ജ് തിരൂരിന് ജില്ല പൊലീസിന്റെ പുരസ്കാരം ലഭിച്ചത്. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ മികച്ച ക്ലബുകളിൽ ഡൗൺ ബ്രിഡ്ജ് മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. തേഞ്ഞിപ്പാലം ഓസ്കാർ ക്ലബിനാണ് ഒന്നാം സ്ഥാനം. വാണിയന്നൂർ ഷൈൻ ക്ലബ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുരസ്കാരവും ക്യാഷ് അവാർഡും ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിൽ നിന്ന് ഡൗൺ ബ്രിഡ്ജിനു വേണ്ടി പ്രസിഡന്റ് വി. അഷ്റഫ് ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യുവ കൂട്ടായ്മകൾ നടത്തിയ പ്രവർത്തനങ്ങളെ ജില്ല പൊലീസ് മേധാവി അഭിനന്ദിച്ചു. തിരൂരിലും പരിസര പ്രദേശങ്ങളിലുമായി പൊതു ജനങ്ങൾക്കായി നിരവധി സാമൂഹ്യ, ബോധവൽക്കരണ, കാരുണ്യ പ്രവർത്തനങ്ങളാണ് ഡൗൺ ബ്രിഡ്ജിനു കീഴിൽ നടന്നത്.