ദുബായ്:
തുടക്കവും ഒടുക്കവും ഗംഭീരമാക്കിയ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെ 57 റണ്ണിന് തോൽപ്പിച്ച് ചാമ്പ്യൻമാർ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ആറ് കളിയിൽ നാല് വിജയം. സ്‌കോർ: മുംബൈ 4–-193 രാജസ്ഥാൻ 136 (18.1).
സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറി (47 പന്തിൽ 79) മികവിലാണ് മുംബൈ മികച്ച സ്‌കോർ പടുത്തുയർത്തിയത്. രാജസ്ഥാന്റെ ചെറുത്തുനിൽപ്പ് ആദ്യ മൂന്ന് ഓവറിൽ തീർന്നു. ട്രെന്റ് ബോൾട്ടും ജസ്‌പ്രീത് ബുമ്രയും മാരകമായി പന്തെറിഞ്ഞതോടെ 12 റണ്ണെടുക്കുന്നതിനിടെ രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. ജോസ് ബട്‌ലർ 44 പന്തിൽ നേടിയ 70 റണ്ണാണ് പരാജയഭാരം കുറച്ചത്. അണ്ടർ 19 ലോകകപ്പ് താരം യശസ്വി ജെയ്‌സ്‌വാൾ 0 (2), സ്‌റ്റീവൻ സ്‌മിത്ത് 6 (7), സഞ്‌ജു സാംസൺ 0 (3) എന്നിവർ വേഗം മടങ്ങി. ബട്‌ലറെ സഹായിക്കാൻ മഹിപാൽ ലോംറർക്കും (11) ടോം കറനും (15) സാധിച്ചില്ല. ജോഫ്ര ആർച്ചെർ 11 പന്തിൽ 24 റണ്ണടിച്ചു. ഫോം വീണ്ടെടുത്ത ബുമ്ര നാല് ഓവറിൽ 20 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. ബോൾട്ടിനും ജയിംസ് പാറ്റിൻസണും രണ്ട് വിക്കറ്റ് വീതമുണ്ട്. സിക്‌സറിലേക്ക് പാഞ്ഞ ബട്‌ലറുടെ പന്ത് പൊള്ളാർഡ് പറന്നു പിടിച്ചതോടെ മുംബൈ ഉറപ്പിച്ചു. മുംബൈക്കായി ക്യാപ്‌റ്റൻ രോഹിത് ശർമ 23 പന്തിൽ 35 റണ്ണെടുത്തു. സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും (30) അഞ്ചാം വിക്കറ്റിൽ 76 റൺ നേടി. സൂര്യകുമാർ 11 ഫോറും രണ്ട് സിക്‌സറും പറത്തി . ഡികോക്ക് (23), ഇഷാൻ കിഷൻ (0), ക്രുണാൾ പാണ്ഡ്യ(12) എന്നിവർ പുറത്തായി.