ചിറമംഗലം-പൂരപ്പുഴ റോഡ് റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി

പരപ്പനങ്ങാടി: തിരൂർ – കണ്ടലുണ്ടി റോഡിന്റെ ഭാഗമായ  ചിറമംഗലം പൂരപ്പുഴ റോഡ് റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് രണ്ട്  കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി കെ അബ്ദുറബ്ബ് എം എൽ എ അറിയിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് പത്ത് വർഷം മുമ്പ് ടാറിങ് നടത്തിയതായിരുന്നു. പിന്നീട് വെറും പാച്ച് വർക്ക് മാത്രമായിരുന്നു ഈ റോഡിൽ നടത്തിയിരുന്നത്. ഇതോടെ റോഡിൽ അപകടങ്ങൾ പതിവായി. ഒരു മാസത്തിനിടയിൽ പരപ്പനങ്ങാടി മുനിസിപ്പൽ  മുസ്ലിം ലീഗ് കമ്മിറ്റിയും, ചിറമംഗലം മേഖല യു ഡി എഫ് കമ്മിറ്റിയും  നാട്ടുകാരും വിവിധ  സമര മുറകൾ നടത്തുകയും  പി കെ അബ്ദുറബ്ബ് എം എൽ എയുടെ നിരന്തരമായുള്ള സമ്മർദ്ദങ്ങളുടെയും, ഇടപെടലുകളുടെയും ഫലമായി ഫ്ലഡ് വർക്കിൽ (എഫ് ഡി ആർ ) ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) ചീഫ് എഞ്ചിനീയർ ഈ ഭാഗം അടിയന്തിര പ്രാധാന്യത്തോടെ റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന് രണ്ട്  കോടി രൂപ അനുവദിച്ചു കൊണ്ടു ഉത്തരവിറക്കുകയായിരുന്നു. കാലതാമസമില്ലാതെ നവീകരിക്കുന്നതിന് നേരത്തെ തന്നെ ബന്ധപ്പെട്ട എഞ്ചിനീയർമാരെ കൊണ്ടു ഈ ഭാഗം നവീകരിക്കുന്നതിന് ആവിശ്യമായ എസ്റ്റിമേറ്റ് എം എൽ എ  തയാറാക്കിപ്പിച്ചിരുന്നു. പൊതുമരാമത്തു റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ  സിദ്ധീഖ് ഇസ്മായിലും സഹപ്രവർത്തകരും തയ്യാറാക്കിയ  എസ്റ്റിമേറ്റ് അടക്കമുള്ള പ്രൊപോസൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാഫി, എക്സിക്യൂട്ടീവ് എഞ്ചിനീയർ  അഷ്‌റഫ്‌ എന്നിവരെ കൊണ്ടു അംഗീകരിപ്പിച്ച് ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആവശ്യമായ തുക അനുവദിച്ചു കൊണ്ടു ഉത്തരവായിട്ടുള്ളത്.   നേരത്തെ യുഡിഫ് സർക്കാരിന്റെ കാലത്ത് ഈ ഭാഗം റബ്ബറൈസ് ചെയ്തു നവീകരിക്കുന്നതിന്  2.50 കോടി രൂപ അനുവദിച്ചുകൊണ്ട് 2016 മാർച്ച് നാലിലെ ജി.ഒ (ആർ ടി)നമ്പർ  599/2016/പി ഡബ്ള്യു ഡി  ഉത്തരവ് പ്രകാരം ഭരണാനുമതി ലഭ്യമാക്കിയിരുന്നെങ്കിലും  സർക്കാർ മാറിയതോടെ ഈ പ്രവർത്തി ഊരാലുങ്ങൽ സൊസൈറ്റി  ഏറ്റെടുത്തു നടത്തുന്ന പരപ്പനങ്ങാടി(ചിറമംഗലം)-നാടുകാണി പാത നവീകരണത്തിൽ എസ്റ്റിമേറ്റ് റിവൈസ് ചെയ്തു ഉൾപ്പെടുത്താൻ തീരുമാനിക്കുകയും എന്നാൽ എസ്റ്റിമേറ്റ്  റിവൈസ് ചെയ്യുന്ന തീരുമാനം രാഷ്ട്രീയ വിരോധം കാരണം  സർക്കാർ  അനന്തമായി നീട്ടിക്കൊണ്ട് പോകുകയും ചെയ്തത് കൊണ്ടാണ്   ഈ ഭാഗം നവീകരിക്കുന്നത് വൈകാൻ കാരണമെന്നും  നിരന്തര സമ്മർദ്ദങ്ങളുടെയും,  ഇച്ഛാശക്തിയുടെയും ഫലമായി സർക്കാരിന്  മുട്ടുമടക്കേണ്ടി വന്നുവെന്നും അബ്ദുറബ്ബ് എം എൽ എ പറഞ്ഞു.