കണ്ട് കൊണ്ടിരിക്കുന്നതിനിടെ ടിവി പൊട്ടിത്തെറിച്ചു: വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീട്ടുസാധനങ്ങള്‍, തുണികള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു

കോട്ടയം; കണ്ടുകൊണ്ടിരിക്കുന്നതിനിടെ ടിവി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിന്ന് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടയാര്‍ മാക്കോ കുഴിയില്‍ അര്‍ജുനന്റെ വീട്ടിലെ ടിവി ഇന്നലെ രാത്രി ഏഴരയോടെയാണ് പൊട്ടിത്തെറിച്ചത്.
തുടര്‍ന്ന് വയറിങ്, വീട്ടുസാധനങ്ങള്‍, തുണികള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. സംഭവം നടക്കുമ്ബോള്‍ അമ്മ ലൈലാമണി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
സ്വിച്ച്‌ ബോര്‍ഡില്‍ നിന്നും പുക ഉയരുന്നത് കണ്ട് ലൈലാമണി വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ടിവി പൊട്ടിത്തെറിച്ച്‌ വയറിങ് കത്തി ഇതില്‍നിന്നും മുറിക്കുള്ളിലെ അഴയില്‍ തീ പടര്‍ന്ന് തുണികള്‍ പൂര്‍ണമായും കത്തി നശിച്ചു.
ലൈലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ വീട്ടില്‍ നിന്നും മോട്ടര്‍ ഉപയോഗിച്ച്‌ വെള്ളം പമ്ബ് ചെയ്ത് അരമണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാനായത്.
കടുത്തുരുത്തിയില്‍ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ വഴി ഇല്ലാതിരുന്നതിനാല്‍ വണ്ടി എത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ജീവനക്കാര്‍ വീട്ടില്‍ എത്തിയെങ്കിലും അപ്പോഴേക്കും പ്രദേശവാസികള്‍ തീ അണച്ചിരുന്നു.