അഞ്ചു വർഷക്കാലമായി ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണം

മലപ്പുറം : 2016 മുതൽ 2020 വരെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം നേടിയ അധ്യാപകരുടെ പ്രശ്നങ്ങൾക്ക് സർക്കാർ ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ആവശ്യപ്പെട്ടു. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായ്മയായ നോൺ അപ്പ്രൂവ്ഡ് ടീച്ചേർസ് യൂണിയൻ മലപ്പുറം കളക്ട്രേറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസ സമരം മൂന്നാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പതിമൂന്ന് ദിവസമായി നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർ നടത്തുന്ന സംസ്ഥാന തല ഉപവാസ സമരം തൃശൂരിൽ തുടരുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ സമരം ജില്ലാ കേന്ദ്രത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾ വർദ്ധിച്ചത് മൂലം ഉണ്ടാകുന്ന അധ്യാപക നിയമനങ്ങൾക്ക് 1:1 അനുപാതം പാലിക്കണമെന്ന് 2016 ഡിസംബറിൽ കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്തതാണ് അധ്യാപകരുടെ നിയമനാംഗീകാരം അഞ്ചു വർഷമായി പരിഹാരമാകാതെ പ്രതിസന്ധിയിലായത്. അധ്യാപക ബാങ്കിൽ നിലവിലുള്ള മുഴുവൻ അധ്യാപകരെയും ഒറ്റത്തവണ തീർപ്പാക്കലിലൂടെ സ്വീകരിക്കാൻ മാനേജ്‌മെന്റ് അസോസിയേഷൻ സന്നദ്ധത അറിയിച്ചിട്ടും സംരക്ഷിത അധ്യാപകരുടെ പേര് പറഞ്ഞ് നിയമനാംഗീകാരം
വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അധ്യാപകർ പറഞ്ഞു.വരും ദിവസങ്ങളിൽ സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു..കെ പി സൽമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു., മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് മുടിക്കോട്, അബ്ദുൽ റഷീദ് കൂമണ്ണ , നിഖിൽ കെ, അഹമ്മദ് അമീൻ ചൂനൂർ എന്നിവർ സംസാരിച്ചു