ലൈഫ് മിഷൻ കേസ്; സിബിഐയ്ക്കും സര്‍ക്കാരിനും ഇന്ന് നിര്‍ണായകം
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സി.ബി.ഐ.അന്വേഷണം ചോദ്യംചെയ്തുള്ള ലൈഫ് മിഷൻ സി.ഇ.ഒ. യു.വി.ജോസിന്റെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍. സംസ്ഥാന സർക്കാരിനും സി.ബി.ഐ.യ്ക്കും ഒരുപോലെ നിർണായകമാണ് ഹർജിയിൽ ഇന്നത്തെ കോടതിയുടെ തീരുമാനം. യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
വിദേശസഹായ നിയന്ത്രണനിയമ (എഫ്.സി.ആർ.എ.)പ്രകാരം സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. നിലനിൽക്കുന്നതല്ലെന്ന വാദമായിരുന്നു ലൈഫ് മിഷൻ ഉന്നയിച്ചത്. രാഷ്ട്രീയലക്ഷ്യത്തോടെ അനിൽ അക്കര എം.എൽ.എ. നൽകിയ ഹർജിയിൽ തിടുക്കപ്പെട്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നെന്നും വാദിച്ചിരുന്നു. പ്രാഥമികാന്വേഷണം നടത്തി കോടതിയുടെ അനുമതിയോടെമാത്രം എഫ്.ഐ.ആർ. രജിസ്റ്റർചെയ്യേണ്ട കേസായിരുന്നു ഇതെന്ന നിലപാടും സർക്കാരിനുണ്ട്. എന്നാൽ, യൂണിടാക് മറയാക്കി സർക്കാർ ഉദ്യോഗസ്ഥരോ സർക്കാരിനോട് അടുത്ത വൃത്തങ്ങളോ ഇടപെട്ടാണ് വിദേശത്തുനിന്ന് ഫണ്ട് ലഭ്യമാക്കിയതെന്നും അതിൽ എഫ്.സി.ആർ.എ. നിയമത്തിന്റെ ലംഘനം നടന്നെന്നുമാണ് സി.ബി.ഐ.യുടെ വാദം