കോവിഡ് പ്രതിരോധം ലീഗിൻറെ സഹായവാഗ്ദാനം ശുദ്ധ തട്ടിപ്പ് എസ്ഡിപിഐ

മലപ്പുറം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ സഹായം എന്ന മുസ്ലിം ലീഗിന്റെ വാഗ്ദാനം ശുദ്ധ തട്ടിപ്പാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് സി പി എ ലത്തീഫ് പറഞ്ഞു. എംപിമാർ, എംഎൽഎമാർ, എന്നിവരുടെ ഫണ്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തനത് ഫണ്ട് , സർവീസ് സഹകരണ ബാങ്കുകളുടെ പൊതു നന്മ ഫണ്ട് , എന്നിവ സ്വരൂപിച്ച് 10 കോടി നൽകുമെന്നാണ് ലീഗ് നേതാക്കൾ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. പൊതുഖജനാവിലെ ഫണ്ട് എങ്ങനെയാണ് ലീഗിന്റെ ഫണ്ടാവുക . വിവിധ ഏജൻസികൾ വഴി നൽകുന്ന വികസന ഫണ്ട് ക്രോഡീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകും എന്ന് പറയുന്നത് അപഹാസ്യവും അശാസ്ത്രീയവുമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സർക്കാർ ചെയ്യും എന്നിരിക്കെ മലപ്പുറം ജില്ലക്ക് മാത്രം എംപി ഫണ്ട് എംഎൽഎ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് , വകമാറ്റി മലപ്പുറത്തിന്റെ വികസനം മുരടിപ്പിക്കുന്നതെന്തിനാണ്
സംസ്ഥാനം മുഴുക്കെ വികസനത്തിന് സർക്കാർ ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ മലപ്പുറത്ത് മാത്രം പാട്ടപ്പിരിവ് നടത്തി ആശുപത്രി കെട്ടിടങ്ങളും സ്കൂളുകളും ഉണ്ടാക്കി മലപ്പുറം മോഡൽ എന്ന ഓമനപ്പേരിൽ ജില്ലയിലെ ജനപ്രതിനിധികളുടെ കഴിവുകേടിനേയും ഇച്ഛാശക്തി കുറവിനെയും മറച്ചു പിടിക്കാൻ ലീഗ് മുമ്പും ഇത്തരം കളികൾ നടത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പിനെയും ലീഗിന്റെ കഴിവുകേടിനേയും മഹത്വവൽക്കരിക്കുന്നത് ജില്ലയിലെ സാധാരണക്കാരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് .
ജില്ലാ കലക്ടർ ലീഗ് നേതാവിനോട് സഹായം അഭ്യർത്ഥിച്ച് പോയി എന്ന വാർത്തകൾ ശരിയാണെങ്കിൽ ഇതിന് കേരള സർക്കാർ മറുപടി പറയണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിപി.എ ലത്തീഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.