ഏഴ് മാസത്തിനിടെ തൃശ്ശൂർ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് മൂന്ന് തവണ; പഠനം നടത്താനൊരുങ്ങി ഐസിഎംആർ

സംസ്ഥാനത്ത് യുവാവിന് കൊവിഡ് ബാധിച്ച് മൂന്ന് തവണ. തൃശ്ശൂർ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് മൂന്ന് തവണ രോഗം ബാധിച്ചത്. ഏഴ് മാസത്തിനിടെയാണ് സാവിയോ മൂന്ന് തവണ കൊവിഡ് ബാധിതനായത്.

മാർച്ചിൽ മസക്റ്റിലെ ജോലി സ്ഥലത്ത് വെച്ചാണ് സാവിയോ ആദ്യം കൊവിഡ് ബാധിതനായത്. രോഗമുക്തി നേടിയ ശേഷം നാട്ടിലെത്തി. ജൂലൈയിൽ വീണ്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ പരിശോധനക്ക് വിധേയമായി. ഫലം പോസിറ്റീവായതോടെ ചികിത്സയിൽ പ്രവേശിച്ചു.

ഏതാനും ദിവസങ്ങൾക്ക് ശേഷം രോഗമുക്തി നേടി. രണ്ട് മാസത്തിന് ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്ത് തന്നെ ഇത്തരമൊരു കേസ് ആദ്യമാണ്. സംഭവത്തിൽ ഐസിഎംആർ കൂടുതൽ പഠനം നടത്താനൊരുങ്ങുകയാണ്. സാവിയോയുടെ രക്ത സ്രവ സാമ്പിളുകൾ ഐസിഎംആർ ശേഖരിച്ചിട്ടുണ്ട്