ജില്ലയിലെ 46 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

ജില്ലയിലെ 46 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
ശുചിത്വ പദവി പ്രഖ്യാപനം
ഒക്ടോബര്‍ 10ന് രാവിലെ 10ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
37 ഗ്രാമപഞ്ചായത്തുകളും 7 മുൻസിപ്പാലിറ്റികളും 2 ബ്ലോക്ക് പഞ്ചായത്തുകളുമാണ് ശുചിത്വ പദവി കരസ്ഥമാക്കിയത്. മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് തൃശൂർ ജില്ല ഈ നേട്ടം കൈവരിച്ചത്.
ഇരിങ്ങാലക്കുട, ചേർപ്പ് ബ്ലോക്കുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ശുചിത്വ പദവി നേടിയതോടെ ജില്ലയിലെ ശുചിത്വ ബ്ലോക്കുകള്‍ എന്ന നേട്ടവും ഇവ കൈവരിച്ചു.

സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും നിശ്ചിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായി ശുചിത്വ പദവി നേടുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയാണിത്. 46 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ജില്ലയില്‍ നിന്നും ശുചിത്വ പദവി പ്രഖ്യാപനത്തിലേക്ക് തെരഞ്ഞെടുത്തത്.

ശുചിത്വത്തിന്റെയും മാലിന്യസംസ്‌ക്കരണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വയം വിലയിരുത്തല്‍ നടത്തി ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ഇങ്ങനെ പ്രഖ്യാപനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാതല വിദഗ്ധ സംഘം പരിശോധിച്ച്, സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ശുചിത്വ പദവിക്ക് അര്‍ഹമാകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലും സമിതിയുടെ നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെയും ഹരിതകര്‍മ്മ സേനയുമായുള്ള ആശയവിനിമയത്തിലൂടെയുമാണ് മാര്‍ക്കുകള്‍ നിശ്ചയിച്ചത്.

ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, ഡി.ഡി.പി, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി എന്നിവരാണ് ജില്ലയില്‍ ശുചിത്വ പദവിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനം നടത്തുന്നത്.

ജില്ലയിലെ 37 ഗ്രാമ പഞ്ചായത്തുകളായ മണലൂർ, താന്ന്യം, പഴയന്നൂർ, തെക്കുംകര, പെരിഞ്ഞനം, എസ്.എൻ പുരം, കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര, വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി, തളിക്കുളം, ഏങ്ങണ്ടിയൂർ, വാടാനപ്പിള്ളി, നാട്ടിക, തൃക്കൂർ, നെന്മണിക്കര, അളഗപ്പനഗർ, അന്നമനട, വല്ലച്ചിറ, പാറളം, അവിണിശ്ശേരി, ചേർപ്പ്, പോർക്കുളം, വെള്ളാങ്കല്ലൂർ, പാണഞ്ചേരി, നടത്തറ, തോളൂർ, ചാഴൂർ, കൈപ്പമംഗലം, എറിയാട്, കണ്ടാണശ്ശേരി, കൊടകര, വലപ്പാട്ട്, ആളൂർ എന്നീ ഗ്രാമ പഞ്ചായത്തുകളും, ചേർപ്പ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തുകളും, ഇരിങ്ങാലക്കുട, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം, കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി എന്നീ 7 മുൻസിപ്പാലിറ്റികളും ജില്ലയിൽ ശുചിത്വ പദവി നേടി.

ശുചിത്വ പദവി നേടിയ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന ചടങ്ങില്‍ ശുചിത്വ പദവി കൈവരിച്ചതിന്റെ മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും.
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം, ജൈവ-അജൈവ മാലിന്യ സംസ്‌കരണം, പുനരുപയോഗം, പൊതുശുചിത്വം, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം എന്നീ മാനദണ്ഡങ്ങള്‍ കൃത്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിച്ചതിനാലാണ് ഈ പദവി നേടാൻ കഴിഞ്ഞത്.

ഇപ്പോഴുള്ള ശുചിത്വപദവി പ്രഖ്യാപനം പ്രാഥമിക നടപടിയാണ്. പ്രഖ്യാപനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുകയാണ് ലക്ഷ്യം.