മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

പൊയ്യ അഡാക്ക് ഫിഷ് ഫാം രണ്ടാം ഘട്ട കരിമീൻ വിത്തുല്പാദന യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം

മത്സ്യകൃഷി നടത്തുന്നത്തിനെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ.
മത്സ്യം കൃഷി ചെയ്യുന്ന സ്ഥലത്ത് നെല്ല് വിളയില്ലെന്ന വ്യാജ പ്രചാരണം വളരെ വേഗത്തിൽ എല്ലാവരിലേക്കും എത്തിയതായും മന്ത്രി പറഞ്ഞു. ഇത്തരം പ്രചാരണങ്ങളെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഫിഷറീസ് വകുപ്പിന്റെ അഡാക് പൊയ്യ ഫാമിൽ കരിമീൻ വിത്തുൽപ്പാദന യൂണിറ്റ് രണ്ടാം ഘട്ടം നിർമ്മാണോദ്‌ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മത്സ്യ സമ്പത്ത് ഒന്നര ലക്ഷം ടണ്ണായി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. മത്സ്യ കൃഷിക്ക് തടസ്സം മികച്ച വിത്ത് ലഭിക്കാത്തതാണ്‌. മത്സ്യ കൃഷി രംഗത്തെ പോരായ്മകൾ പരിഹരിക്കണം. ഇതിനായി നാട്ടറിവുകൾ പ്രയോജനപ്പെടുത്തി ഫാമിന്റെ ബണ്ടുകൾ ബലപ്പെടുത്തൽ പോലുള്ള കാര്യങ്ങൾ ചെയ്യണം. ഭൂജല മത്സ്യ കൃഷിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഉത്പാദനം വർധിപ്പിക്കണം. ഇതിനായി പ്രാദേശിക തലത്തിൽ കൂട്ടയ്മകൾ ഉണ്ടാവണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഡ്വ വി ആർ സുനിൽകുമാർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്റ്റർ സി എ ലത, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, വാർഡ് മെമ്പർ ടി കെ കുട്ടൻ, അഡാക് എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡോ ദിനേശൻ ചെറുവാട്ട്, നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രോജക്റ്റ് എൻജിനീയർ ഇ ആർ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

2.93 കോടി രൂപ ചെലവഴിച്ചാണ്  ഒരു വർഷത്തിൽ 7.68 ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാവുന്ന ഹാച്ചറി നിർമ്മിക്കുന്നത്. ഓരു ജല മത്സ്യ കൃഷി, ഓരു ജല മത്സ്യ വിത്ത് റിയറിങ്, നൂതന ജലകൃഷി രീതികളിലൂടെയുള്ള മത്സ്യ ഉത്പാദനം എന്നിവ അഡാക്ക് ഫിഷ് ഫാമിൽ നടന്നുവരുന്നു.