പാകിസ്താന്‍ ചാരനെ പൊലീസ് പിടികൂടി
കശ്മീര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ സാംബയില്‍ നിന്ന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തി ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പാകിസ്താനുമായുള്ള നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള അവ്തല്‍ കറ്റലന്‍ ഗ്രാമത്തില്‍ നിന്നുള്ള കുല്‍ജീത്ത് കുമാര്‍(21) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ചില തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങളും വിവരങ്ങളും ഇയാള്‍ ഒരു അജ്ഞാത വ്യക്തിയുമായി പങ്കിട്ടതായി കണ്ടെത്തിയിരുന്നു. പാകിസ്താനാണ് ഈ അക്കൗണ്ട് ഉടമയുടെ ഉറവിടമായി കണ്ടെത്തിയത്. ചിത്രങ്ങളും വിവരങ്ങളും കൈമാറിയതിന് പിന്നാലെ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും തെളിഞ്ഞിട്ടുണ്ട്.
നാല് മൊബൈല്‍ ഫോണുകളും, സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 2018 മുതല്‍ ഇയാള്‍ പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്തു വന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. നിരവധി പാലങ്ങളുങ്ങളുടേയും സുപ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയുമെല്ലാം ചിത്രങ്ങള്‍ ഇയാള്‍ ഈ അജ്ഞാത വ്യക്തിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. എനിമി ഓര്‍ഡിനന്‍സ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് മേധാവി പറഞ്ഞു