കൂട്ടായി മാസ്റ്റർപടി സംഘർഷം; വെട്ടേറ്റ യുവാവ് മരിച്ചു

തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ
വെട്ടേറ്റ ഒരാൾ മരിച്ചു. കൂട്ടായി മാസ്റ്റർ പടി സ്വദേശി ചേലക്കൽ യാസർ അറഫാത്ത് (26) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യാസർ അറഫാത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘർഷത്തിൽ പരുക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കൂട്ടായി മാസ്റ്റർ പടി സ്വദേശി ഏനിൻ്റെ പുരക്കൽ അബൂബക്കർ മകൻ ഷമീം (24), സഹോദരൻ സജീഫ് (26) എന്നിവരാണ് ചികിത്സയിലുള്ളത്.

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഘർഷമുണ്ടായത്. ഉടൻ തന്നെ വെട്ടേറ്റ മൂന്ന് പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് യാസർ അറഫാത്തിന് മരണം സംഭവിക്കുകയായിരുന്നു. സംഭവം രാഷ്ട്രീയ സംഘർഷമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തിരൂർ സി ഐ ടി പി ഫർഷാദ്, എസ് ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കൃത്യത്തിലേക്ക് നയിച്ച കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്.പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.